പ്രധാനമന്ത്രിയുടെ നിർദേശമനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രവർത്തിക്കുന്നതെന്ന് ചന്ദ്രബാബു നായിഡു

ന്യൂഡൽ‌ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശമനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രവർത്തിക്കുന്നതെന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രയിൽ കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിൽ കൃത്രിമം നടന്നതായി കമ്മിഷനിൽ പരാതി നൽകിയ ശേഷമായിരുന്നു നായി‍ഡുവിന്റെ പരാമർശം. വ്യാഴാഴ്ച 25 ലോക്സഭാ മണ്ഡലങ്ങളിലേക്കും 175 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ 30–40 ശതമാനം വോട്ടിങ് യന്ത്രങ്ങളും ശരിയായ രീതിയിലല്ല പ്രവർത്തിച്ചതെന്നാണ് നായിഡുവിന്റെ പരാതി.

കണക്കുകൾ അനുസരിച്ച് 4,583 മെഷീനുകൾ‌ വോട്ടിങ്ങിനിടെ പ്രവർത്തനരഹിതമായി. 150 പോളിങ് സ്റ്റേഷനുകളിൽ റീപോളിങ് വേണമെന്ന ആവശ്യവും ആന്ധ്രാ മുഖ്യമന്ത്രി ഉന്നയിച്ചു. തിരഞ്ഞെടുപ്പ് പ്രകിയയുടെയും ജനാധിപത്യത്തിന്റെയും പവിത്രത സംരക്ഷിക്കുന്നതിന് ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകുന്നതാണ് നല്ലത്. തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു സ്വയംഭരണ സ്ഥാപനമാണ്. എന്നാൽ പ്രധാനമന്ത്രിയുടെ നിർദേശമനുസരിച്ചാണ് അത് ഇപ്പോൾ പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ തങ്ങളോടു സഹകരിക്കാൻ തയാറാവുന്നില്ല.– നായി‍ഡു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *