റഫേൽ കരാറിന് ശേഷം അനിൽ അംബാനിക്ക് ഫ്രാൻസിന്‍റെ വൻ ഇളവ്; 143 ദശലക്ഷം യൂറോയുടെ നികുതി ഇളവ്

ന്യൂഡല്‍ഹി: റഫാൽ കരാറിന് ശേഷം അനിൽ അംബാനിയുടെ കമ്പനിക്ക് ഫ്രാൻസിൽ ലഭിച്ചത് 143 ദശലക്ഷം യൂറോയുടെ നികുതി ഇളവെന്ന് ഫ്രഞ്ച് മാധ്യമത്തിന്‍റെ റിപ്പോർട്ട്. 151 മില്യൻ യൂറോ നികുതി വെട്ടിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ 7 മില്യൺ യൂറോ മാത്രം നികുതി സ്വീകരിച്ച് കേസ് അവസാനിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഫ്രഞ്ച് ദിനപത്രം ലി മോണ്ട് ആണ് റഫാൽ ഇടപാടിൽ പുതിയ വെളിപ്പെടുത്തലുകളുമായി എത്തിയിട്ടുള്ളത്.

അനിൽ അംബാനിയുടെ ഫ്രാൻസ് അധിഷ്ഠിതമായ റിലയൻസ് അറ്റ്ലാന്‍റിക് ഫ്ളാഗ് ഫ്രാൻസ് എന്ന കമ്പനിക്ക് നികുതി ഇളവ് നൽകിയെന്നാണ് ലെ മോണ്ടെ റിപ്പോർട്ട് ചെയ്യുന്നത്. 2007 മുതൽ 2012 വരെയുള്ള കാലയളവിൽ രണ്ടു തവണയായി നികുതി വെട്ടിപ്പിന് അന്വേഷണം നേരിട്ട കമ്പനി 151 മില്യൺ ഡോളറാണ് നികുതി ഇനത്തിൽ നൽകേണ്ടിയിരുന്നത്. എന്നാൽ 7 മില്യൺ യുറോ മാത്രം സ്വീകരിച്ച് കേസ് അവസാനിപ്പിച്ചു. ഒറ്റത്തവണ തീർപ്പാക്കലിന്‍റെ ഭാഗമായി 7.3 മില്യൺ യൂറോ മാത്രം അടച്ച് അന്വേഷണം ഒഴിവാക്കാൻ അവസരം നൽകിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഈ കമ്പനിക്കെതിരെ നികുതി വെട്ടിപ്പിന് ഫ്രാൻസിൽ അന്വേഷണം നേരിടുന്ന സമയത്താണ് റഫാൽ കരാർ നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.  കേസിൽ അന്വേഷണം നടക്കുന്ന സമയത്താണ് 2015 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലെത്തി അന്നത്തെ ഫ്രഞ്ച് പ്രസിഡന്‍റ് ഒലാന്ദുമായി ചർച്ച നടത്തുകയും 36 പോർ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തത്. ഇതിന് പിന്നാലെയാണ് ഫ്രാൻസ് റിലയൻസിന് 143.7 മില്യൺ യൂറോയുടെ നികുതി ഒഴിവാക്കിക്കൊടുത്തത്. അനിൽ അംബാനിയുടെ കമ്പനിയെ റഫാൽ ഇടപാടിൽ പങ്കാളിയാക്കിയത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *