മസാല ബോണ്ട്: ജുഡിഷ്യൽ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

തൃശൂർ: മസാല ബോണ്ട് സംബന്ധിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തൃശൂർ പ്രസ് ക്‌ളബിന്റെ ‘രാഷ്ട്രീയം പറയാം’ എന്ന പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മസാല ബോണ്ട് സംബന്ധിച്ച കാര്യങ്ങൾക്ക് ഇപ്പോഴും വ്യക്തതയില്ല. എന്തൊക്കെയോ മുഖ്യമന്ത്രിയും ധനമന്ത്രിയും മറച്ചുവയ്ക്കുന്നു. മസാല ബോണ്ട് സംബന്ധിച്ച എല്ലാ ഫയലുകളും പ്രതിപക്ഷത്തിന് ലഭ്യമാക്കണം. മന്ത്രിസഭയിലും നിയമസഭയിലും ഇടതുമുന്നണിയിലും ചർച്ച ചെയ്യാത്ത ഒരു വിഷയം മുഖ്യമന്ത്രിയും ധനമന്ത്രിയും കിഫ്ബിയുടെ ഒരു കരാർ ഉദ്യോഗസ്ഥനും ചേർന്നാണ് നടപ്പിലാക്കിയത്. ലാവ്‌ലിൻ കമ്പനിയെ സഹായിക്കാൻ ധനമന്ത്രിയും മുഖ്യമന്ത്രിയും ബോധപൂർവം നടത്തുന്ന ശ്രമമാണിത്. കൊച്ചി മെട്രോയ്ക്ക് യു.ഡി.എഫ് സർക്കാർ വായ്പയെടുത്തത് 1.5 ശതമാനം പലിശയ്ക്കാണ്. സമാനമായ രീതിയിൽ കുറഞ്ഞ പലിശയ്ക്ക് വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് ലഭിക്കുമ്പോഴാണ് കൂടുതൽ പലിശയ്ക്ക് ബോണ്ട് വഴി വായ്പ ലഭ്യമാക്കിയത്.

ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പുറത്തിറക്കിയ കിഫ്ബിയുടെ ഓഫറിംഗ് സർക്കുലറിൽ സി.ഡി.പി. ക്യൂവിന്റെ ആസ്ഥാനമായ കാനഡയിലെ ക്യുബക് പ്രവിശ്യയിൽ പ്രൈവറ്റ് ഇഷ്യുവായിട്ടാണ് മസാല ബോണ്ടിറക്കിയത്. പബ്‌ളിക്കായി ലിസ്റ്റ് ചെയ്തുവെന്നാണ് മന്ത്രി തോമസ് ഐസക് വാദിച്ചത്. ഇതു തെറ്റാണെന്ന് തെളിയിക്കുന്ന രേഖകൾ രമേശ് ചെന്നിത്തല മാദ്ധ്യമപ്രവർത്തകർക്ക് വിതരണം ചെയ്തു. ബോണ്ട് വില്പനയിൽ കമ്മിഷനില്ലെന്ന തോമസ് ഐസക്കിന്റെ വാദവും തെറ്റാണ്. കിഫ്ബിയുടെ ഓഫറിംഗ് സർക്കുലറിൽ ബോണ്ട് വില്പനയുമായി ബന്ധപ്പെട്ട് ഏഴോളം കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്നതിന് തെളിവുകളുണ്ട്. ഞാൻ ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഇതുവരെ മുഖ്യമന്ത്രിയും ധനമന്ത്രിയും മറുപടി നൽകിയിട്ടില്ല. കുറഞ്ഞപക്ഷം ബോണ്ടിന്റെ കാലാവധി എത്ര വർഷമാണെന്നെങ്കിലും വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *