പെരിയ ഇരട്ടക്കൊല: സിപിഎം നേതൃത്വത്തിന്പങ്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി:  കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയിൽ. കേസിൽ സിപിഎം നേതൃത്വത്തിനു പങ്കില്ലെന്നും‌ പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണം ഫലപ്രദമായാണു നടക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയിൽ അവകാശപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയുടെ വാദത്തിനിടയിലാണു സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

കേസില്‍ സിപിഎമ്മിന്റെ ഉന്നതനേതാക്കള്‍ ഉള്‍പ്പെട്ടതായി തെളിവില്ല. പ്രതികളെ പാർട്ടിയോ സർക്കാരോ സഹായിച്ചിട്ടില്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണു കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. സിപിഎം നേതാവ് വി.പി.പി. മുസ്തഫ നടത്തിയത് രാഷ്ട്രീയ പ്രസംഗം മാത്രമാണ്. പ്രസംഗവും കൊലപാതകവും തമ്മില്‍ ബന്ധമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെ മാതാപിതാക്കളായ കൃഷ്ണനും ബാലാമണിയും, ശരത് ലാലിന്റെ മാതാപിതാക്കളായ സത്യനാരായണനും ലതയുമാണു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്. പ്രതികൾ സിപിഎം പ്രവർത്തകരായതിനാൽ സിപിഎം നിയന്ത്രണത്തിലുള്ള പൊലീസ് അന്വേഷണം ഫലപ്രദമാകില്ലെന്നു ചൂണ്ടിക്കാണിച്ചാണു ഹർജി.

Leave a Reply

Your email address will not be published. Required fields are marked *