ബിജെപിയുടെ പരിപ്പ് കേരളത്തിൽ വേവില്ല: എ.കെ.ആന്റണി

കണ്ണൂർ: ശബരിമലയിലെ വിശ്വാസ സംരക്ഷണത്തെക്കുറിച്ചു ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്നതു പാലം കടക്കാനുള്ള അടവ് മാത്രമെന്നു കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ.ആന്റണി. കണ്ണൂരിൽ യുഡിഎഫ് തിരഞ്ഞെടുപ്പു പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ ശബരിമലയിൽ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുന്നതിനു കോടതിയെ ബോധ്യപ്പെടുത്തുകയോ, ഭരണഘടനാപരമായ നടപടി സ്വീകരിക്കുകയോ ചെയ്യുമെന്നാണു പ്രകടന പത്രികയിലുള്ളത്. >ഇതിനു ബിജെപി സർക്കാർ വീണ്ടും വരേണ്ട കാര്യമുണ്ടായിരുന്നോ? അവർക്ക് ആത്മാർഥതയുണ്ടായിരുന്നെങ്കിൽ ശബരിമലയുടെ പേരിൽ ഇങ്ങനെ ജനങ്ങളെ ഭിന്നിപ്പിക്കുകയോ, അക്രമം നടത്തുകയോ, ബന്ദ് നടത്തുകയോ ചെയ്യേണ്ട കാര്യമുണ്ടായിരുന്നോ? കേസ് കോടതിയിൽ വന്നപ്പോൾ എന്തുകൊണ്ടു കോടതിയെ ബോധ്യപ്പെടുത്തിയില്ല? അന്നു പറഞ്ഞതു കോടതിവിധിയെ അനുകൂലിക്കുന്നുവെന്നാണ്.

അവസരമുണ്ടായിട്ടും കള്ളക്കളി കളിച്ചു. ഇനി ഈ പരിപ്പ് കേരളത്തിൽ വേവില്ല. അതിനുവച്ച വെള്ളം ആരും കാണാതെ ബിജെപി വാങ്ങിവയ്ക്കുന്നതാണു നല്ലതെന്നും ആന്റണി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *