മൊറട്ടോറിയം കാലാവധി നീട്ടല്‍ വൈകും; കൂടുതല്‍ വിശദീകരണം തേടി കമ്മിഷന്‍

തിരുവനന്തപുരം: കര്‍ഷക വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടുന്നതിനുള്ള സര്‍ക്കാര്‍ അപേക്ഷയില്‍ കൂടുതല്‍ വിശദീകരണം തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇതുസംബന്ധിച്ച അറിയിപ്പ് സര്‍ക്കാരിനു കൈമാറുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ടീക്കാറാം മീണ. ഇതോടെ മൊറട്ടോറിയം കാലാവധി നീട്ടല്‍ വൈകുമെന്നുറപ്പായി. ടീക്കാറാം മീണ ഒരിക്കല്‍ തിരിച്ചയച്ച അപേക്ഷയാണ് ഇപ്പോള്‍ കേന്ദ്ര കമ്മീഷന്‍ തിരിച്ചയച്ചിട്ടുള്ളത്.

തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ ഇത്തരമൊരു അപേക്ഷയ്ക്ക് കേന്ദ്രം അനുമതി നല്‍കില്ലെന്നാണു കമ്മിഷന്റെ വിലയിരുത്തല്‍. കൂടാതെ, 2018 ഒക്‌ടോബറില്‍ ഇറക്കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് എല്ലാ വായ്പകളിലുമുള്ള ജപ്തി നടപടികള്‍ക്ക് അടുത്ത ഒക്‌ടോബര്‍ 11 വരെ മൊറട്ടോറിയം നിലവിലുണ്ട്. അതിനിടെ പുതിയ കാലാവധി നീട്ടല്‍ നടപടി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്ന സംശയവും കമ്മിഷനുണ്ട്.

കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടും ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കാത്തത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് മന്ത്രിസഭായോഗ തീരുമാനം സംബന്ധിച്ച ഫയല്‍ സര്‍ക്കാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് അയച്ചുനല്‍കി. എന്നാല്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വിശദീകരണം ആവശ്യപ്പെട്ട് ഫയല്‍ മടക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കേ, ഉത്തരവിറക്കേണ്ടതിന്റെ അടിയന്തര സാഹചര്യം വിശദീകരിക്കണം എന്നാവശ്യപ്പെട്ടാണ് അദ്ദേഹം ഫയല്‍ മടക്കിയത്. തുടര്‍ന്ന് വിശദീകരണത്തോടെ ഫയല്‍ സര്‍ക്കാര്‍ വീണ്ടും ടിക്കാറാം മീണയ്ക്കു നല്‍കി. കര്‍ഷകരുടെ ദുരിതവും ദയനീയാവസഥയും കണക്കിലെടുത്ത് കൈക്കൊണ്ട തീരുമാനമാണിതെന്ന് വിശദീകരണത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയും വിശദീകരണവും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനു ടിക്കാറാം മീണ കൈമാറി. സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമാണെന്നായിരുന്നു മീണയുടെ അഭിപ്രായം. ഈ അപേക്ഷയാണ് ഇപ്പോള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തിരിച്ചയച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *