പത്രികാ സമർപ്പണം ഇന്ന്(ഏപ്രിൽ 04) അവസാനിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു മൂന്നു പേർ കൂടി ഇന്നലെ (ഏപ്രിൽ 03) നാമനിർദേശ പത്രിക സമർപ്പിച്ചു. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ സി.പി.ഐ(എം) ഡമ്മി സ്ഥാനാർഥിയായി രാമചന്ദ്രൻ, സ്വതന്ത്ര സ്ഥാനാർഥികളായി   എ. ദേവദത്തൻ, സതീഷ് കുമാർ എന്നിവരാണു ജില്ലാ കളക്ടർ ഡോ. കെ. വാസുകിക്ക് പത്രിക സമർപ്പിച്ചത്. നാമനിർദേശ പത്രികാ സമർപ്പണത്തിനുള്ള സമയ പരിധി ഇന്ന് (ഏപ്രിൽ 04) അവസാനിക്കും.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച കുമ്മനം രാജശേഖരൻ ഇന്നലെ മൂന്നു സെറ്റ് പത്രികകൾ കൂടി നൽകി. സി.പി.ഐ. സ്ഥാനാർഥിയായി പത്രിക നൽകിയ സി. ദിവാകരനും എസ്.യു.സി.ഐ(സി) സ്ഥാനാർഥിയായി പത്രിക നൽകിയ എസ്. മിനിയും ഓരോ സെറ്റ് പത്രികയും ഇന്നലെ സമർപ്പിച്ചു.
പത്രികാ സമർപ്പണം ഇന്ന് അവസാനിക്കാനിരിക്കെ ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലായി ആകെ നാമനിർദേശ പത്രിക സമർപ്പിച്ചവരുടെ എണ്ണം 18 ആയി. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലായി ഒമ്പതു സ്ഥാനാർഥികൾ വീതം പത്രിക നൽകിയിട്ടുണ്ട്.
ഇന്നു വൈകിട്ട് മൂന്നു വരെയാണ് നാമനിർദേശ പത്രികകൾ സ്വീകരിക്കുന്നത്. വരാണാധികാരിയായ ജില്ലാ കളക്ടർക്കാണ് പത്രികകൾ നൽകേണ്ടത്. വരണാധികാരിയുടെ അഭാവത്തിൽ സ്പെസിഫൈഡ് എ.ആർ.ഒമാരായി നിശ്ചയിച്ചിട്ടുള്ള സബ് കളക്ടർ കെ. ഇമ്പശേഖറിനും (തിരുവനന്തപുരം ലോക്സഭാ മണ്ഡലം) റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടർ മോൻസി പി. അലക്സാണ്ടറിനും (ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം) പത്രികകൾ സമർപ്പിക്കാം.  നാളെയാണ് (ഏപ്രിൽ 05) നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. ഏപ്രിൽ എട്ടുവരെ പത്രികകൾ പിൻവലിക്കാം.
തെരഞ്ഞെടുപ്പ് പരിശീലന ഉത്തരവ് കൈപ്പറ്റിയില്ല;
ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാൻ കളക്ടറുടെ ഉത്തരവ്
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജീവനക്കാർക്കുള്ള പരിശീലനത്തിന് നിയോഗിച്ചുള്ള ഉത്തരവ് കൈപ്പറ്റാതിരുന്ന ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ ജില്ലാ കളക്ടർ ഡോ. കെ. വാസുകി ഉത്തരവിട്ടു. സിവിൽ സപ്ലൈസ് കമ്മിഷണറേറ്റിലെ സീനിയർ സൂപ്രണ്ട് നൗഷാദിനെയാണ് അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടറുടെ ഉത്തരവുകൾ കൈപ്പറ്റാതിരിക്കുകയോ പാലിക്കാൻ വിസമ്മതിക്കുകയോ ചെയ്യുന്ന ജീവനക്കാർക്കെതിരേ തുടർന്നും ജനപ്രാതിനിധ്യ നിയമം അനുശാസിക്കുന്ന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് : ചാർജ് ഓഫിസർമാരെ നിയമിച്ചു
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ലോക്‌സഭാ മണ്ഡലാടിസ്ഥാനത്തിൽ ചാർജ് ഓഫിസർമാരെ നിയമിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. കെ. വാസുകി അറിയിച്ചു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ അസിസ്റ്റന്റ് കളക്ടർ ജി. പ്രിയങ്കയും ആറ്റിങ്ങൽ മണ്ഡലത്തിൽ നെടുമങ്ങാട് ആർ.ഡി.ഒ. ടി.കെ. വിനീതുമായിരിക്കും ചാർജ് ഓഫിസർമാർ.
നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ ജീവനക്കാർക്കായി നടക്കുന്ന പരിശീലനത്തിന്റെ മേൽനോട്ടവും ഏകോപനവും, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർ, ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫിസർമാർ എന്നിവർ തമ്മിലുള്ള ഏകോപനം, പോളിങ് സാമഗ്രികളുടെ വിതരണ മേൽനോട്ടം, ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന്റെ മേൽനോട്ടം, ബൂത്ത് ക്രമീകരണത്തിന്റെ മേൽനോട്ടം തുടങ്ങിയവയ്ക്കായാണ് ചാർജ് ഓഫിസർമാരെ നിയമിച്ചത്.
വൈദ്യുതി മുടങ്ങും
കുളത്തൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വല്ലത്തോട് മേഖലയിൽ ഇന്നും (ഏപ്രിൽ 04) വിതുര സെക്ഷനിൽ ചേന്നൻപാറ, കലുങ്ക് ജങ്ഷൻ, തേവിയോട്, ശിവൻകോവിൽ, കൊപ്പം മരുതുമ്മൂട്, പുളിച്ചാമല, ചെറ്റച്ചൽ എന്നിവിടങ്ങളിൽ ഇന്നു മുതൽ ഏപ്രിൽ ആറു വരെയും രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *