ഓയൂരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

കൊല്ലം: ഓയൂരില്‍ യുവതിയ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊല്ലപ്പെട്ട യുവതി തുഷാരയുടെ ഭര്‍തൃപിതാവ് ലാലിയാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

സംഭവത്തില്‍ ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ദേശീയ മനുഷ്യാവകാശകമ്മീഷനും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് ദേശീയ മനുഷ്യാവകാശകമ്മീഷന്‍ കത്തയച്ചിട്ടുണ്ട്.

തുഷാര മരിക്കുമ്പോള്‍ 20 കിലോ മാത്രമേ ഭാരമുണ്ടായിരുന്നുള്ളൂ. യുവതിക്ക് പഞ്ചസാര വെള്ളവും കുതിര്‍ത്ത അരിയും മാത്രമാണ് ഭക്ഷണമായി നല്‍കിയിരുന്നത്. കൊല്ലം ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ആഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ചാണ് ഇവര്‍ മരിച്ചതെന്ന് മനസിലായത്. വിവാഹം കഴിഞ്ഞ സമയത്ത് തുഷാരയും ഭര്‍ത്താവ് ചന്തുലാലും കാഞ്ഞാവള്ളിക്ക് സമീപമായിരുന്നു താമസം. എന്നാല്‍ വീട്ടില്‍ മന്ത്രവാദവും ആഭിചാരക്രിയകളും പതിവാക്കിയിരുന്നതിനാല്‍ അയല്‍വാസികള്‍ എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് ചെങ്കുളം ഭാഗത്ത് ഒറ്റപ്പെട്ട വീട്ടില്‍ താമസമാക്കിയത്.

വിവാഹശേഷം ആകെ മൂന്ന് തവണയാണ് തുഷാര സ്വഭവനത്തില്‍ എത്തിയത്. രണ്ട് കുട്ടികളുണ്ടെങ്കിലും അവരെയും തുഷാരയുടെ വീട്ടുകാരെ കാണിച്ചിരുന്നില്ല. വിവാഹത്തിന് മുന്‍പ് പറഞ്ഞ് ഉറപ്പിച്ചിരുന്ന സ്ത്രീധനത്തിന്റെ ബാക്കി തുക നല്‍കാത്തതിന്റെ പേരില്‍ തുഷാരയെ പലപ്പോഴും മര്‍ദ്ദിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് യുവതി നേരിട്ട ക്രൂരതകള്‍ വ്യക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *