ഓയൂരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവം; വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

കൊല്ലം: ഓയൂരില്‍ ഭര്‍ത്തൃവീട്ടുകാര്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അധ്യക്ഷ എം.സി.ജോസഫെയിന്റെ നിര്‍ദ്ദേശ പ്രകാരം യുവതി കൊല്ലപ്പെട്ടതു സംബന്ധിച്ച് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടു.
ഓയൂര്‍ കുരിശുമൂട് ചരുവിള വീട്ടില്‍ ചന്തുലാലിന്റെ ഭാര്യ തുഷാരയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സ്ത്രീധനത്തിന്റെ ബാക്കിതുക ആവശ്യപ്പെട്ട് യുവതിയെ പട്ടിണിക്കിട്ടതും ആഭിചാരക്രിയകളുടെ മറവില്‍ മര്‍ദ്ദിച്ചതും കമ്മീഷന്‍ ഗൗരവമായാണ് കാണുന്നത്. പരിഷ്‌കൃത സമൂഹത്തില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ഈ വിധത്തിലുളള അതിക്രൂരമായ പ്രവര്‍ത്തികള്‍ തടയേണ്ടതുണ്ട്. ആഭിചാര കര്‍മ്മങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.തുഷാര കൊല്ലപ്പെട്ട വീട് വനിതാ കമ്മീഷന്‍ അംഗം ഡോ ഷാഹിദാ കമാല്‍ നേരത്തേ സന്ദര്‍ശിച്ചിരുന്നു. ആഭിചാരകര്‍മ്മങ്ങള്‍ ഉള്‍പ്പെടെയുള്ള അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രദേശത്ത് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഷാഹിദാ കമാല്‍ പറഞ്ഞു.
റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം കമ്മീഷന്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *