രാജ്യത്തിന്റെ കാവല്‍ക്കാരനായി എന്നും താനുണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: രാജ്യത്തിന്റെ കാവല്‍ക്കാരനായി എന്നും താനുണ്ടാകുമെന്നും അഞ്ചു വർഷം മുൻപ്, തന്നെ രാജ്യത്തിന്റെ കാവൽക്കാരൻ (ചൗക്കിദാർ) ആക്കിയ ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റാൻ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സമ്പത്ത് അഴിമതിക്കാരില്‍ നിന്നു സംരക്ഷിക്കേണ്ടത് തന്റെ കടമയാണ്.

ഡൽഹിയിൽ ‘മേം ഭി ചൗക്കിദാര്‍’ (ഞാനും കാവല്‍ക്കാരന്‍) എന്ന ബിജെപിയുടെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

യൂണിഫോം ധരിക്കുന്നവർ മാത്രമാണ് കാവൽക്കാരെന്ന ധാരണ തെറ്റാണ്. രാജ്യത്തെ എല്ലാ ജനങ്ങളും കാവൽക്കാരാണ്. അതിനു പ്രായമോ വിദ്യാഭ്യാസമോ സമ്പത്തികമോ മാനദണ്ഡമല്ല. ദരിദ്രർക്കും നികുതിയടയ്ക്കുന്ന സാധാരണ പൗരന്മാർക്കും അതിൽ ഉത്തരവാദിത്വമുണ്ട്. 2014–ൽ പ്രധാനമന്ത്രി സ്ഥാനാർഥിയായതു മുതൽ വിമർശനങ്ങൾക്ക് നടുവിലായിരുന്നു താൻ. അത്തരം വിമര്‍ശകരോടു നന്ദി പറയുന്നു. ഈ വിമർശനങ്ങളാണ് തന്റെ വളർച്ചയ്ക്ക് കാരണം. അന്നു ബിജെപി വലിയ ഉത്തരവാദിത്വമാണ് ഏല്‍പ്പിച്ചത്, രാജ്യത്തിന്റെ കാവല്‍ക്കാരനാകുക- നരേന്ദ്ര മോദി പറഞ്ഞു.

ബാലാക്കോട്ടിൽ തിരിച്ചടി നല്‍കിയത് താനല്ല, സൈന്യമാണാണെന്നു നരേന്ദ്ര മോദി പറഞ്ഞു. സൈന്യത്തെ വിശ്വാസമുള്ളതുകൊണ്ടാണ് അവർക്കു പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയത്. ഒറ്റയ്‍ക്ക് ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതാണ് രാജ്യത്തിനു നല്ലത്. വ്യക്തമായ ഭൂരിപക്ഷം, ശക്തമായ തീരുമാനങ്ങളെടുക്കാന്‍ തന്നെ സഹായിച്ചെന്നു മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *