വോട്ടർ പട്ടികയിൽ ഓൺലൈനായി പേരു ചേർക്കാനുള്ള അവസരം മാർച്ച് 25ന് അവസാനിക്കും

തിരുവനന്തപുരം :  വോട്ടർ പട്ടികയിൽ ഓൺലൈനായി പേരു ചേർക്കാനുള്ള അവസരം മാർച്ച് 25ന് അവസാനിക്കും. 2019 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂർത്തിയായവർക്കും ഇതുവരെ പേരു ചേർത്തിട്ടില്ലാത്തവർക്കും ഇതിന് അവസരമുണ്ട്. ഓൺലൈനായി മാത്രമേ ഇനി പേരു ചേർക്കാനാവുകയുള്ളൂ.

തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റായ http://www.ceo.kerala.gov.in/onlineregistration.html ലും www.nvsp.inലും ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. വോട്ടർപട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും ഒരു നിയോജകമണ്ഡലത്തില്‍ നിന്ന് മറ്റൊരു നിയോജകമണ്ഡലത്തിലേക്ക് മാറ്റുന്നതിനും തിരുത്തലിനും ഉള്ള സൗകര്യങ്ങൾ വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. സംശയനിവാരണത്തിന് ടോൾ ഫ്രീ നമ്പർ 1950.

പാസ്പോർട്ട് സൈസ് ഫോട്ടോ, വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖ സമർപ്പിക്കണം. വോട്ടറുടെ ബൂത്ത് ക്രമപ്പെടുത്താൻ കുടുംബാംഗങ്ങളുടെയോ അയൽവാസിയുടെയോ ഇലക്‌ഷൻ ഐഡി കാർഡ്‌ നമ്പർ നൽകണം. നിർദേശങ്ങൾ മലയാളത്തിൽ ലഭ്യമാണ്. പാസ്പോർട്ട് വിവരങ്ങൾ ഉൾപ്പെടുത്തി വിദേശത്തുള്ളവർക്കും പട്ടികയിൽ പേരു ചേർക്കാം. എന്നാൽ തിരിച്ചറിയൽ കാർഡ് ലഭ്യമാവില്ല. പട്ടികയിൽ വിവരങ്ങൾ ചേർത്തതിന്റെ തൽസ്ഥിതിയും www.nvsp.in വെബ്സൈറ്റിലുടെ അറിയാനാകും

തിരഞ്ഞെടുപ്പ് കമ്മിഷന്റെ voter helpline എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതു ഉൾപ്പെടെ സൗകര്യമുണ്ട്. പ്ലേസ്റ്റോർ, ഐട്യൂൺസ് എന്നിവിടങ്ങളിൽ നിന്നു സൗജന്യമായി ഇത് ഡൗൺലോഡ് ചെയ്യാം. രാജ്യത്തെ എല്ലാ വോട്ടർമാരുടെ വിവരങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പരാതികൾ അറിയിക്കാനും വോട്ടിങ് യന്ത്രം, രാജ്യത്ത് ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകൾ, തിരഞ്ഞെടുപ്പു ചട്ടങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും അറിയാം. ഇവ ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സൗകര്യമുണ്ട്.

പഞ്ചായത്ത് ഓഫിസുകൾ, വില്ലേജ് ഓഫിസുകൾ, താലൂക്ക് ഓഫിസുകൾ എന്നിവിടങ്ങളിൽ വോട്ടർ പട്ടിക ലഭ്യമാണ്. ജനങ്ങൾക്ക് ഈ കേന്ദ്രങ്ങളിൽ എത്തി പട്ടികയിൽ പേര് ഉണ്ടോ എന്ന് പരിശോധിക്കാം. ഒപ്പം തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലും (ceo.kerala.gov.in) പട്ടിക ലഭ്യമാണ്. വോട്ടർമാരുടെ ചിത്രം ഇല്ലാത്ത പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. 1950 എന്ന ടോൾഫ്രീ നമ്പറിലും വിളിച്ചാൽ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകും. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പരാതികളും ഈ നമ്പറിൽ അറിയിക്കാം.

കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും സ്ഥാപിച്ചിട്ടുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ കിയോസ്കുകളിൽ വോട്ടർ പട്ടികയിൽ പേരുണ്ടോയെന്നു പരിശോധിക്കാം. ഇവിടെ വോട്ടർമാരുടെ ഫോട്ടോ ഉൾപ്പെടെ കാണാനാകും.

Leave a Reply

Your email address will not be published. Required fields are marked *