രാഹുല്‍ ഗാന്ധി വയനാട്ടിൽനിന്ന് മൽ‌സരിക്കണമെന്ന് ആവശ്യപ്പെട്ടതായി ഉമ്മൻ ചാണ്ടി

പത്തനംതിട്ട: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പിൽ‌ വയനാട്ടിൽനിന്ന് മൽ‌സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി മുൻ മുഖ്യമന്ത്രിയും എഐസിസി അംഗവുമായ ഉമ്മൻ ചാണ്ടി. രാഹുൽ മൽസരിക്കുമെങ്കിൽ പിന്മാറാൻ തയാറാണെന്ന് ടി.സിദ്ദിഖ് അറിയിച്ചു. കേരള ഘടകത്തിന്റെ ആവശ്യം രാഹുൽ ഗാന്ധി അംഗീകരിച്ചെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ പറഞ്ഞു.

കേരളത്തിന്റെ ആവശ്യം പരിഗണനയിലെന്ന് എഐസിസി നേതൃത്വം അറിയിച്ചു. കെപിസിസിയും നേതാക്കളും ആവശ്യം ഒരേ സ്വരത്തിൽ അറിയിച്ചിട്ടുണ്ട്. കെ.സി. വേണുഗോപാലും കഴിഞ്ഞ ദിവസങ്ങളിൽ രാഹുലുമായി ചർച്ച നടത്തി. കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി വിഷയം ഒദ്യോഗികമായി പരിശോധിച്ചിട്ടില്ല. അണിയറ ചർച്ചകൾ പുരോഗമിക്കുന്നു. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം രാഹുലിനു വിട്ടു. സോണിയാ ഗാന്ധിയുടെ കൂടി അഭിപ്രായം തേടിയ ശേഷമായിരിക്കും രാഹുൽ അന്തിമ തീരുമാനമറിയിക്കുക. തങ്ങളുടെ സംസ്ഥാനത്തു മൽസരിക്കണമെന്ന് കർണാടക, തമിഴ്നാട് പിസിസികളും മുൻപ് ആവശ്യപ്പെട്ടിരുന്നു. നിലവിൽ പരിഗണനയിൽ മുന്നിൽ വയനാടാണ്.

വയനാട്ടിൽ മൽസരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് രാഹുലുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽനിന്നു മൽസരിക്കണമെന്ന ആലോചനയുണ്ടെന്നതു ശരിയാണ്. വയനാടും സജീവ പരിഗണനയിലാണ്. എന്നാൽ, അന്തിമ തീരുമാനമായിട്ടില്ല. കേരളത്തിനു പുറമെ, കർണാടക പിസിസിയും രാഹുൽ അവിടൊരു മണ്ഡലത്തിൽ മൽസരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *