പ്രതിപക്ഷം സൈന്യത്തെ എല്ലായ് പ്പോഴും അപമാനിക്കുന്നു: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രതിപക്ഷം വീണ്ടും വീണ്ടും സേനയെ അപമാനിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്.
പുല്‍വാമ പോലെയുള്ള ഭീകരാക്രമണങ്ങള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്നും, അതിന്റെ പേരില്‍ പാകിസ്ഥാനെ തെറ്റുകാരാക്കുന്നത് ശരിയല്ലെന്നുമുള്ള സാം പിട്രോഡ വിവാദ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പ്രതിപക്ഷം വീണ്ടും വീണ്ടും ഇന്ത്യന്‍ സേനയെ അപമാനിക്കുകയാണ്. ഇന്ത്യന്‍ ജനത ഇത്തരം പ്രസ്താവനകള്‍ ചോദ്യം ചെയ്യണം. 130 കോടി ജനങ്ങള്‍ പ്രതിപക്ഷത്തിന്റെ ഇത്തരം പരാമര്‍ശങ്ങള്‍ പൊറുക്കുകയില്ല. ഇന്ത്യന്‍ സേനയ്‌ക്കൊപ്പം നിലകൊള്ളുന്നു. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ വ്യോമസേന 300 പേരെ കൊന്നുവെന്നാണ് പറയുന്നത്. പക്ഷേ ഇതില്‍ നിങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ തരാന്‍ സാധിക്കുമോ? ജെയ്ഷ് ഇ മുഹമ്മദിന്റെ ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമാണ്. ആരെങ്കിലും നടത്തുന്ന ആക്രമണങ്ങള്‍ക്ക് പാകിസ്ഥാനെ കുറ്റം പറയേണ്ടതിന്റെ ആവശ്യമെന്താണെന്നുമായിരുന്നു സാം പിട്രോഡയുടെ വിവാദ പരാമര്‍ശം. പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ബാലാകോട്ടില്‍ നടത്തിയ വ്യോമാക്രണത്തെ പരാമര്‍ശിച്ചായിരുന്നു സാം പിട്രോഡയുടെ വിമര്‍ശനം.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവായ സാം പിട്രോഡ രാഹുല്‍ ഗാന്ധിയുടെ ഏറ്റവും അടുത്തയാളാണ്. ”ആക്രമണങ്ങള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. മുംബൈയിലും ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്. എന്ന് കരുതി അന്ന് ഇതുപോലെ യുദ്ധവിമാനങ്ങള്‍ അയക്കുകയല്ല ചെയ്തത്. ലോകത്തോട് ഈ രീതിയിലല്ല ഇടപെടേണ്ടത്. ഏതെങ്കിലും കുറച്ച് തീവ്രവാദികളുടെ പേരില്‍ പാകിസ്ഥാനെ ശിക്ഷിക്കുന്നത് ശരിയല്ല. മുംബൈ ഭീകരാക്രമണത്തില്‍ എട്ട് തീവ്രവാദികള്‍ ഇവിടെ വന്ന് എന്തൊക്കയോ ചെയ്തു. എന്ന് കരുതി പാകിസ്ഥാന് മേല്‍ കയറുകയല്ല വേണ്ടത്.’

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ഥാനത്ത് മന്‍മോഹന്‍ സിംഗ് ആയിരുന്നെങ്കില്‍ ഇത്ര പെട്ടന്ന് നടപടി കൈക്കൊള്ളുമായിരുന്നോ എന്ന ചോദ്യത്തിന്, മന്‍മോഹന്‍ സിംഗ് രാജ്യം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിലൊരാളായിരുന്നുവെന്നായിരുന്നു മറുപടി. ‘ നിരവധി ആളുകള്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നത് കണ്ടിട്ടുണ്ട്. പലരും അദ്ദേഹത്തെ കുറിച്ച് ആര്‍ട്ടിക്കിളുകള്‍ എഴുതി, അവര്‍ ചിത്രം ഉണ്ടാക്കി, പക്ഷേ അതെല്ലാം തെറ്റാ’ണെന്നുമായിരുന്നു സാം പിട്രോഡയുടെ വിവാദ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *