വിശ്വസ്‌തരായവരെ മാത്രം ലോക്‌സഭയിലേക്ക് അയക്കണമെന്നു മുഖ്യമന്ത്രി

കണ്ണൂർ: കണ്ണൂരിലെ ഒരു പ്രമുഖ കോൺഗ്രസ് നേതാവ് ബി.ജെ.പിയിൽ ചേർന്നുവെന്നും പിന്നീട് നല്ലൊരു ഓഫർ കിട്ടിയപ്പോഴാണ് തിരികെ വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരനെ ഉദ്ദേശിച്ചാണ് മുഖ്യമന്ത്രിയുടെ പരാമർശമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. സുധാകരൻ ബി.ജെ.പിയിൽ ചേരാൻ ഇരുന്നതാണെന്നും എന്നാൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻപിള്ളയുടെ അവൻ വരുമെന്ന പരാമർശത്തെ തുടർന്ന് അദ്ദേഹം പിന്മാറിയതാണെന്നുമുള്ള റിപ്പോർട്ടുകൾക്കിടയിലാണ് മുഖ്യമന്ത്രിയുടെ ആരോപണം.

ഒരാൾ ബി.ജെ.പിയിലേക്ക് പോയെന്ന് വാർത്തകൾ കേട്ടു. വാഗ്‌ദാനങ്ങൾ നൽകി തിരികെ കൊണ്ടുവന്നു. ഇനിയും ബി.ജെ.പിക്ക് എന്തെങ്കിലും ആവശ്യം വന്നാൽ തിരികെ പോകില്ലെന്ന് എന്താണുറപ്പ്. വോട്ട് ചെയ്‌ത ശേഷം ഉറക്കം നഷ്‌ടപ്പെടരുതെന്നും അതിനാൽ വിശ്വസ്‌തരായവരെ മാത്രം ലോക്‌സഭയിലേക്ക് അയക്കണമെന്നും കണ്ണൂരിലെ എൽ.ഡി.എഫ് കുടുംബ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിൽ ചേരുന്നു. ഇങ്ങനെയൊരു നാണം കെട്ട പാർട്ടിയെ കാണാൻ കഴിയില്ല. ബി.ജെ.പിയിൽ ചേരാൻ പോകുന്ന നേതാക്കളെ ഓഫർ നൽകിയാണ് കോൺഗ്രസ് പിടിച്ചു നിറുത്തുന്നത്. സീറ്റ് നേടാനായി കോൺഗ്രസ് എസ്.ഡി.പി.ഐയും ആർ.എസ്.എസുമായി സഹകരിക്കുന്നുവെന്നും കണ്ണൂരിൽ നടന്ന മറ്റൊരു ചടങ്ങിൽ മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *