നേതാക്കളെ വിലയ്ക്കെടുക്കാൻ ബിജെപി മിടുക്കർ: പ്രകാശ് കാരാട്ട്

കണ്ണൂർ : മറ്റു പാർട്ടികളിലെ നേതാക്കളെ വിലയ്ക്കെടുക്കാൻ ബിജെപി മിടുക്കരാണെന്നും എന്നാൽ അതിനു വഴങ്ങുന്നവരെല്ലാം ഇപ്പോൾത്തന്നെ പോയിക്കഴിഞ്ഞെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഇനി ബാക്കിയുള്ളവർ നിൽക്കുന്നിടത്തുതന്നെ നിൽക്കും. അവരാരും ബിജെപിയിലേക്കു പോകുമെന്നു കരുതുന്നില്ലെന്നും കണ്ണൂർ പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ കാരാട്ട് പറഞ്ഞു.

ബംഗാളിൽ തിരഞ്ഞെടുപ്പിൽ ആരു ജയിക്കുമെന്നതല്ല ഇപ്പോൾ മുന്നിലുള്ള പ്രശ്നം. അവിടെ സ്വതന്ത്രമായി തിരഞ്ഞെടുപ്പു പ്രക്രിയ നടക്കുമോ എന്നതാണ്. അതിന് അവസരം ലഭിച്ചാൽ കാര്യങ്ങൾ സിപിഎമ്മിന് അനുകൂലമായി വരും. കേന്ദ്രത്തിൽ സർക്കാരുണ്ടാക്കുമെന്ന അവകാശവാദം തങ്ങൾക്കില്ല.  തിരഞ്ഞെടുപ്പിനുശേഷം മതനിരപേക്ഷ പാർട്ടികൾ ഒരുമിച്ചു സർക്കാരുണ്ടാക്കും. ആരു നയിക്കണമെന്നത് അപ്പോൾ തീരുമാനിക്കും. മതനിരപേക്ഷ സർക്കാരുണ്ടാകുന്നതിനു സിപിഎമ്മിന്റെ കൂടുതൽ എംപിമാർ ജയിക്കേണ്ടത് ആവശ്യമാണെന്നും കാരാട്ട് പറഞ്ഞു.

ബി.എസ്. യെഡിയൂരപ്പ ബിജെപി നേതാക്കൾക്കു കോഴ കൊടുത്തതുമായി ബന്ധപ്പെട്ടു ഡയറിക്കുറിപ്പുകൾ പുറത്തുവന്ന സാഹചര്യത്തിൽ ഇതേക്കുറിച്ചു സമഗ്രമായി അന്വേഷിക്കണം. കേന്ദ്രസർക്കാരിനു വിധേയരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും അന്വേഷിച്ചാൽ സത്യം പുറത്തുവരില്ല. കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണ് ആവശ്യമെന്നു കാരാട്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *