വടകരയില്‍ പോരാട്ടം തീപാറും

വടകര: വടകരയില്‍ അങ്കത്തിന് കെ മുരളീധരന്‍ ഇറങ്ങുമ്പോള്‍ കേരളം ചര്‍ച്ച ചെയ്യപ്പെടുന്ന, തീ പാറുന്ന പോരാട്ടമായിരിക്കും നടക്കുക. കെ മുരളീധരന്റെ സ്ഥാനാര്‍ഥിത്വം കൊലപാതക രാഷ്ട്രീയത്തിനെതിരെ മലബാര്‍ മേഖലയില്‍ സമാധാനത്തിന്റെ സന്ദേശം ആയി മാറും. അരിയില്‍ ഷുക്കൂറിന്റെയും ഷുഹൈബിന്റെയും ഒടുവില്‍ പെരിയയിലെ കൃപേഷിന്റെയും ശരത് ലാലിന്റെയും ദീപ്തമായ ഓര്‍മകള്‍ക്കു മുന്നിലാണ് മലബാറെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പല പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും സി.പി.എം കോട്ട തകര്‍ത്ത് പി ജയരാജനെ നിലംപരിശാക്കാന്‍ കരുത്തനായ സ്ഥാനാര്‍ഥി എന്ന നിലയില്‍ കെ മുരളീധരനിലേക്ക് നേതൃത്വം എത്തുകയായിരുന്നു. വാക്കുകള്‍ കൊണ്ട് രാഷ്ട്രീയ എതിരാളികളെ നേരിടുന്ന മുരളീധരന്റെ മികവും പ്രബുദ്ധമായ വടകര മണ്ഡലത്തില്‍ മുരളീധരന് അനുകൂലമായ വിധിയെഴുത്തായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യ തവണ സാമൂതിരിയുടെ മണ്ണില്‍ പട നയിച്ചായിരുന്നു കോഴിക്കോട് നിന്നും കെ മുരളീധരന്‍ ലോക്‌സഭയിലേക്ക് നടന്നുകയറിയത്. കോഴിക്കോട് മണ്ഡലത്തില്‍ എം.പി എന്ന നിലയില്‍ മുരളീധരന്റെ പ്രവര്‍ത്തനകാലഘട്ടം വികസനചരിത്രത്തില്‍ അടയാളം തീര്‍ത്തതായിരുന്നു.
കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ചാണക്യനായ കെ കരുണാകരന്റെ പുത്രന്‍ കടത്തനാടിന്റെ മണ്ണില്‍ സി.പി.എമ്മിനെതിരെ പട നയിക്കുമ്പോള്‍ അത് എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *