സംഝോത എക്സ്പ്രസ് സ്ഫോടനക്കേസ്: സ്വാമി അസീമാനന്ദ ഉൾപ്പെടെ 4 പ്രതികളെ വെറുതെവിട്ടു

ന്യൂഡൽഹി∙ സംഝോത എക്സ്പ്രസ് സ്ഫോടനക്കേസിൽ സ്വാമി അസീമാനന്ദയടക്കമുള്ള 4 പ്രതികളെ വെറുതെവിട്ടു. ഹരിയാന പഞ്ച്കുള എൻഐഎ കോടതിയുടേതാണ് ഉത്തരവ്. 2007ൽ നടന്ന സ്ഫോടനത്തിൽ മൂന്ന് കേസുകളാണ് സ്വാമി അസീമാനന്ദയ്ക്കെതിരെ ഉണ്ടായിരുന്നത്.

ഡൽഹിയിൽനിന്നു പാക്കിസ്ഥാനിലെ ലാഹോറിലേക്കു പോകുകയായിരുന്ന തീവണ്ടിയിൽനടന്ന സ്ഫോടനത്തിൽ 70 ഓളം പേരാണു കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഭൂരിഭാഗവും പാക്കിസ്ഥാൻ സ്വദേശികളായിരുന്നു. 2007 ഫെബ്രുവരി 18നാണ് ഹരിയാനയിലെ പാനിപ്പത്തിനടുത്ത് ട്രെയിനിൽ സ്ഫോടനമുണ്ടായത്. പാക്കിസ്ഥാനിലേക്കു കടക്കും മുൻപ് ഇന്ത്യയിലെ അവസാന റെയിൽവേ സ്റ്റേഷനായ അഠാരിയിലേക്കു പോകുകയായിരുന്നു ട്രെയിൻ.

മൊഴി നല്‍കാന്‍ അവസാനനിമിഷമെത്തിയ പാക് സ്വദേശിയുടെ ആവശ്യം നേരത്തേ കോടതി തളളിയിരുന്നു. സ്വാമി അസീമാനന്ദ, സംഘപരിവാര്‍ പ്രവര്‍ത്തകരായ ലോകേഷ് ശര്‍മ, കമാല്‍ ചൗഹാന്‍, രജീന്ദര്‍ ചൗധരി എന്നിവരാണു കേസിൽ വിചാരണ നേരിട്ടത്. ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രത്തിലും ജമ്മുവിലെ രഘുനാഥ് ക്ഷേത്രത്തിലുമുണ്ടായ ബോംബ് സഫോടനത്തിനു പ്രതികാരമായി സംഝോത എക്സ്പ്രസില്‍ പ്രതികള്‍ ബോംബ് വച്ചുവെന്നാണ് എന്‍ഐഎ കേസ്. മുഖ്യപ്രതികളില്‍ ഒരാളായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുനില്‍ ജോഷിയെ പിന്നീടു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സന്ദീപ് ഡാന്‍ഗെ, റാംജി എന്ന രാമചന്ദ്ര കലസാന്‍ഗ്ര, അമിത് എന്നീ പ്രതികള്‍ ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *