വാടകയ്‌ക്ക് ഹെലികോപ്ടർ: ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ യോഗം ഇന്ന്

തിരുവനന്തപുരം: സർക്കാർ ആവശ്യങ്ങൾക്കും ദുരന്തനിവാരണത്തിനും അടിയന്തര ഘട്ടങ്ങളിലുമെല്ലാം ഉപയോഗിക്കുന്നതിന് സർക്കാർ സ്ഥിരമായി ഹെലികോപ്ടർ വാടകയ്‌ക്ക് എടുക്കുന്നതിന്റെ സാമ്പത്തിക ബാദ്ധ്യത പരിശോധിക്കാൻ ഇന്ന് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും.

പൊലീസ് മേധാവിയും ആഭ്യന്തര, പൊതുഭരണ സെക്രട്ടറിമാരും പങ്കെടുക്കും. വി.എസ് സർക്കാരിന്റെ കാലത്ത് കോപ്ടർ വാടകയ്‌ക്കെടുക്കാനുള്ള ശുപാർശ തള്ളിയതാണ്. മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് സഹായകമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹെലികോപ്ടർ വാങ്ങാനോ വാടകയ്‌ക്കെടുക്കാനോ ഡി.ജി.പി ശുപാർശ ചെയ്തത്. ചിപ്സൺ, പവൻഹാസൻസ് കോർപറേഷൻ എന്നീ കമ്പനികൾ പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഇതിലൊന്നിന് കരാർ നൽകണമെന്ന ഡി.ജി.പിയുടെ ശുപാർശ ആഭ്യന്തരവകുപ്പ് നിരസിച്ചിരുന്നു. ഇവർ നൽകിയ വാടക നിരക്ക് കൂടുതലായതിനാൽ ടെൻഡർ വിളിക്കണമെന്നായിരുന്നു ആഭ്യന്തരവകുപ്പ് നിലപാട്. ഇതേത്തുടർന്നാണ് കരാർ, സാമ്പത്തിക കാര്യങ്ങൾ എന്നിവയിൽ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിതല യോഗം വിളിച്ചത്. കമ്പനികൾക്ക് പ്രതിമാസം നിശ്ചിത തുക വാടകയായി സർക്കാർ നൽകും. എപ്പോൾ ആവശ്യപ്പെട്ടാലും കോപ്ടർ പറത്തണമെന്ന വ്യവസ്ഥയും കരാറിലുണ്ടാവും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രകൾക്കും ഇത് ഉപയോഗിക്കാം. എന്നാൽ കോപ്ടർ ഉപയോഗിച്ചില്ലെങ്കിലും കമ്പനിക്ക് പണം കൊടുക്കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *