മോദി ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുന്നു: പ്രിയങ്ക ഗാന്ധി

വാരാണസി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം പോലും അപകടത്തിലാണെന്ന് ഗംഗായാത്രയുടെ മൂന്നാം ദിനത്തിന്‍റെ തുടക്കത്തില്‍ അവര്‍ കുറ്റപ്പെടുത്തി. ജനങ്ങളെ ഭയപ്പെടുത്തി ഭരിക്കാനുള്ള നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുമെന്നും ജനങ്ങൾ വിഡ്ഢികളാണെന്ന മോദിയുടെ ചിന്ത മാറ്റേണ്ട സമയം കഴിഞ്ഞെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

കോൺഗ്രസിന്റെ കുടുംബവാഴ്ച രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവൻ നശിപ്പിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിനു മറുപടി നൽകുകയായിരുന്നു പ്രിയങ്ക. 2014 ൽ കുടുംബവാഴ്ചയെ തള്ളി ജനങ്ങൾ സത്യസന്ധതയ്ക്കാണ് വോട്ട് ചെയ്തതെന്നും പ്രധാനമന്ത്രി ബ്ലോഗിൽ അവകാശപ്പെട്ടിരുന്നു

മോദിയുടെ പാര്‍ലമെന്റ് മണ്ഡലമായ വാരാണസിക്കടുത്തുള്ള മിര്‍സാപുറില്‍ കഴിഞ്ഞ ദിവസം സംസാരിക്കവേ, 70 വർഷത്തെ ഭരണത്തിന്റെ പേരിൽ ഞങ്ങളെ കുറ്റപ്പെടുത്തുന്ന മോദി അഞ്ചു വർഷം ഭരണത്തിൽ ഇരുന്നിട്ട് എന്താണ് ചെയ്തത് എന്നതിന് ഉത്തരം വേണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു. പ്രസംഗങ്ങളെക്കാള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അതിനാണ് ഈ യാത്രയെന്നും പ്രിയങ്ക പറയുന്നു. ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെയും പ്രിയങ്ക കടന്നാക്രമിച്ചിരുന്നു. ‘രണ്ടു വർഷത്തെ ഭരണത്തിൽ യോഗി ആദിത്യനാഥ് ഒന്നും ചെയ്തിട്ടില്ല. ബിജെപിയുടെ പ്രോഗ്രസ് റിപ്പോർ‍ട്ടും സ്വയം പുകഴ്ത്തലും മികച്ചതു തന്നെ. ഞാൻ എന്നും സാധാരണക്കാരെ കാണുന്നതാണ്. അവരിപ്പോഴും ദുരിതത്തിലാണ്’– പ്രിയങ്ക പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *