ഇലക്ഷൻ ഡ്യൂട്ടി; ഉദ്യോഗസ്ഥർ ലിസ്റ്റ് നൽകണം

ഇലക്ഷൻ ഡ്യൂട്ടി; ഉദ്യോഗസ്ഥർ ലിസ്റ്റ് നൽകണം
 
     ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിലെ എല്ലാ കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ലിസ്റ്റ് വില്ലേജ് ഓഫീസർ നൽകുന്ന നിശ്ചിത ഫോറത്തിൽ മാർച്ച് 16ന് മുൻപ് എല്ലാ ഓഫീസ് മേലധികാരികളും ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ എത്തിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു. അന്നേദിവസം എത്തിക്കാൻ കഴിയാത്തവർ തൊട്ടടുത്ത ദിവസം കളക്ടറേറ്റിലെ ഇലക്ഷൻ വിഭാഗത്തിൽ നേരിട്ട് എത്തിക്കണം. ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നു.
പരിശീലന പരിപാടി സംഘടിപ്പിച്ചു
     ലേക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം-134 അസംബ്ലി മണ്ഡലത്തിലെ ഇലക്ഷൻ ജോലികൾക്കായി നിയോഗിച്ചിട്ടുള്ള സെക്ടറൽ ഓഫീസർ/അസിസ്റ്റന്റ് സെക്ടറൽ ഓഫീസർ, ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർ എന്നിവർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥർ നിർവഹിക്കേണ്ട കർത്തവ്യങ്ങളും ചുമതലകളും വിവരിക്കുന്നതായിരുന്നു സബ്കളക്ടർ കെ. ഇമ്പശേഖറിന്റെ നേതൃത്വത്തിൽ നടന്ന പരിശീലനം. രണ്ടു സെഷനുകളിലായി നടന്ന പരിശീലന പരിപാടിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മാസ്റ്റർ ട്രെയിനർമാരായ രാജശേഖരൻ, ബീന എന്നിവർ വിശദമായ ക്ലാസെടുത്തു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, വിവിപാറ്റ് മെഷീനുകളുടെ പ്രായോഗിക പരിശീലനവും നൽകി.
ഗതാഗത നിയന്ത്രണം
     വട്ടപ്പാറ-കുറ്റിയാണി റോഡിന്റെ ബിഎം ബിസി പ്രവൃത്തികൾ നടക്കുതിനാൽ ഇന്ന് (മാർച്ച് 16) മുതൽ വട്ടപ്പാറ മുതൽ കുറ്റിയാണി വരെയുളള ഭാഗങ്ങളിൽ വാഹന ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ടാറിംഗ് പ്രവൃത്തി നടക്കുന്ന സമയത്ത് ഇതുവഴി പോകേ വാഹനങ്ങൾ പരിസരത്തുളള മറ്റു റോഡുകൾ മുഖേന പോകണമെന്നും അറിയിപ്പിൽ പറയുന്നു.
വിരമിച്ച വാട്ടർ അതോറിറ്റി ജീവനക്കാർക്ക് 
ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാം
     വാട്ടർ അതോറിറ്റിയിലെ വിരമിച്ച ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസിന്റെ കാലാവധി ഈ മാസം അവസാനിക്കുന്നതിനാൽ ഇൻഷുറൻസ് പദ്ധതിയിൽനിന്നു പിൻമാറാൻ ആഗ്രഹിക്കുന്നവർ മാർച്ച് 22നകം ചീഫ് എൻജിനീയർ(എച്ച്ആർഡി&ജനറൽ), കേരള വാട്ടർ അതോറിറ്റി, ജലഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ അറിയിക്കണമെന്ന് ചീഫ് എഞ്ചിനീയർ അറിയിച്ചു.
ഇൻഷുറൻസ് പദ്ധതിയിൽ പുതുതായി ചേരാൻ ആഗ്രഹിക്കുന്ന വിരമിച്ച ജീവനക്കാർക്ക് അതോറിറ്റിയുടെ വെബ്‌സൈറ്റിലോ ഡിവിഷൻ ഓഫിസുകളിലോ ലഭ്യമാക്കിയിട്ടുള്ള പ്രഫോർമയിൽ വിശദാംശം പൂരിപ്പിച്ച് മേൽപ്പറഞ്ഞ വിലാസത്തിലോ ceglkwaho@gmail.comdcegltvm@gmail.com എന്നീ ഇ-മെയിൽ വിലാസങ്ങളിലോ അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 23.
കെട്ടിട ഉടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു
     വനിതാ ശിശുവികസന വകുപ്പിന്റെ ജില്ലാ ഓഫീസ് പ്രവർത്തിപ്പിക്കുന്നതിന് കെട്ടിടയുടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം നഗരത്തിൽ 1500 ചതുരശ്ര അടി വിസ്തീർണമുള്ളതും പ്രധാന റോഡിനോടു ചേർന്നതും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി എത്തിച്ചേരാൻ സാധിക്കുന്നതുമാകണം കെട്ടിടം. പത്തു വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുണ്ടാകാൻ പാടില്ല. പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന നിരക്കിൽ വാടക നൽകും. താത്പര്യമുള്ളവർ പൂജപ്പുര വനിതാ ശിശുവികസന ഡയറക്ടറേറ്റിന്റെ രണ്ടാം നിലയിലുള്ള ജില്ലാ പ്രോഗ്രാം ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി മാർച്ച് 20. കൂടുതൽ വിവരങ്ങൾക്ക് 9446448106.
വൈദ്യുതി മുടങ്ങും
     കുളത്തൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കോലത്തുംകര, കുളത്തൂർ പ്രദേശങ്ങളിൽ ഇന്ന് (മാർച്ച് 16) രാവിലെ 8.30 മുതൽ  വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കുടപ്പനക്കുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ചൂഴമ്പാല, യമുനാനഗർ പ്രദേശങ്ങളിൽ ഇന്ന് (മാർച്ച് 16) രാവിലെ 9.30 മുതൽ  ഉച്ചയ്ക്ക് രണ്ടു വരെ വൈദ്യുതി മുടങ്ങും.
കേശവദാസപുരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ സെന്റ്‌മേരീസ് സ്‌ക്കൂളിന്റെ പരിസര പ്രദേശങ്ങളിൽ ഇന്ന് (മാർച്ച് 16) രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്നും         കെ.എസ്.ഇ.ബി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *