അനധികൃത സ്വത്ത്: മുന്‍ മന്ത്രി കെ.ബാബു വിചാരണ നേരിടണമെന്നു കോടതി

കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസില്‍ മുന്‍ മന്ത്രി കെ.ബാബു വിചാരണ നേരിടണമെന്നു കോടതി. അനധികൃത സ്വത്തില്ലെങ്കിൽ വിചാരണയിലൂടെ പ്രതിക്കു തെളിയിക്കാമെന്നും മൂവാറ്റുപുഴ വിജിലന്‍സ് കോടതി വ്യക്തമാക്കി. കേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടു ബാബു നൽകിയ ഹർജി തള്ളിയാണു നടപടി.

എംഎല്‍എ എന്ന നിലയ്‌ക്കു തനിക്കു കിട്ടിയ ആനുകൂല്യങ്ങള്‍ വിജിലന്‍സ് പരിഗണിച്ചില്ലെന്നും ഇതാണ് അധികസ്വത്തായി കണ്ടെത്തിയതുമെന്ന ബാബുവിന്റെ വാദം കോടതി അംഗീകരിച്ചില്ല. 2001 ജൂലൈ മുതൽ 2016 മേയ് വരെയുള്ള കാലയളവിൽ 49.45 ശതമാനം അനധികൃത സമ്പാദ്യം സ്വന്തമാക്കിയെന്നു കുറ്റപത്രത്തിൽ പറയുന്നു.‌52.27 ലക്ഷം രൂപയാണ് ബാബുവിന്റെ അംഗീകൃത വരുമാനം. ഇതിൽ 49.78 ലക്ഷം രൂപ ചെലവാക്കി. വിജിലൻസ് പരിശോധനാ സമയത്ത് 28.82 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണു വിജിലൻസിന്റെ ആരോപണം.ഏപ്രില്‍ 29ന് കേസ് വീണ്ടും പരിഗണിക്കും. തൃപ്പൂണിത്തുറ പ്രതികരണ വേദി നൽകിയ പരാതിയിൽ എറണാകുളം വിജിലൻസ് സ്പെഷൽ സെൽ ആണ് കേസ് അന്വേഷിച്ചു കുറ്റപത്രം നൽകിയത്. ജനുവരിയിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി ബാബുവിനു ജാമ്യം അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *