സിസ്റ്റർ ലൂസി കളപ്പുര എഫ്.സി.സി ആസ്ഥാനത്തെത്തി വിശദീകരണം നൽകി

കൊച്ചി: ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൽ പങ്കെടുത്തതിന് മൂന്നു തവണ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച സിസ്റ്റർ ലൂസി കളപ്പുര സന്യസ്തസഭയായ ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് കോൺഗ്രിഗേഷൻ (എഫ്.സി.സി) ആസ്ഥാനത്തെത്തി വിശദീകരണം നൽകി.

കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ കൊച്ചിയിൽ നടന്ന പ്രതിഷേധത്തിൽ സിസ്റ്റർ ലൂസി പങ്കെടുത്തിരുന്നു. മാദ്ധ്യമങ്ങളിലുൾപ്പെടെ സഭാനിലപാടുകളെ വിമർശിച്ചത് കുറ്റകരമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയിരുന്നു. ഇന്നലെ ആലുവ അശോകപുരത്തെ എഫ്.സി.സി ആസ്ഥാനത്താണ് സിസ്റ്റർ എത്തിയത്. സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻ ജോസഫുമായി കൂടിക്കാഴ്ച നടത്തി.അഞ്ചു മിനിട്ട് മാത്രമായിരുന്നു സുപ്പീരിയർ ജനറലുമായുള്ള കൂടിക്കാഴ്ച.

തനിക്ക് പറയാനുള്ളത് അറിയിച്ചിട്ടുണ്ടെന്ന് സിസ്റ്റർ ലൂസി പറഞ്ഞു. താൻ സ്വീകരിച്ച നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്. മറ്റു വിഷയങ്ങൾ സംസാരിച്ചിട്ടില്ല. വനിതാ പൊലീസ് അകമ്പടിയിലെത്തിയ സിസ്റ്റർ ഉച്ചകഴിഞ്ഞ് വയനാട്ടിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *