സ്ഥാനാർത്ഥികൾ കേസുകളിൽ പ്രതിയാണെങ്കിൽ പത്രങ്ങളിൽ മൂന്ന് തവണ പരസ്യം ചെയ്യണം

തിരുവനന്തപുരം: ലോക്‌സഭയിലേക്ക് മത്സരിക്കുന്നവർ ക്രിമിനൽ കേസുകളിൽ പ്രതിയാണെങ്കിൽ അതിന്റെ വിവരം പ്രചാരമുള്ള പത്രങ്ങളിൽ മൂന്ന് തവണ പരസ്യം ചെയ്യണം. സുപ്രീംകോടതി വിധി അനുസരിച്ചാണ് ഈ പരിഷ്കാരമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു.പ്രകടനത്തിലോ ധർണയിലോ പങ്കെടുത്തതിന്റേതുൾപ്പെടെ രാഷ്ട്രീയ കേസുകളുടെ വിവരങ്ങൾ പ്രാദേശികാടിസ്ഥാനത്തിൽ സ്ഥാനാർത്ഥികൾ നൽകുന്ന പരസ്യത്തിലുൾക്കൊള്ളിക്കണം. രാഷ്ട്രീയ പാർട്ടികൾ സംസ്ഥാന തലത്തിലും ഈ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണം. പാർട്ടികളുടെ വെബ്സൈറ്റിലും ഉൾപ്പെടുത്തണം. പത്രത്തിലടക്കം പ്രസിദ്ധീകരിച്ചതിന്റെ രേഖകൾ തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഹാജരാക്കണം. കമ്മിഷൻ തയ്യാറാക്കിയ ഫോം 26ൽ വേണം കേസിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ. പ്രസിദ്ധീകരണ ചെലവ് സ്ഥാനാർത്ഥികളുടെ പ്രചാരണച്ചെലവിൽ പെടുത്തണം. സ്ഥാനാർത്ഥിയുടെയും ആശ്രിതരുടെയും കഴിഞ്ഞ അഞ്ച് വർഷത്തെ സ്വത്ത് വിവരങ്ങളും വരുമാനവും വെളിപ്പെടുത്തണം.

Leave a Reply

Your email address will not be published. Required fields are marked *