വ്യക്തിഹത്യ:കോടിയേരിക്കെതിരെ തിര. കമ്മിഷന് പരാതി

കൊല്ലം: യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആർ.എസ്.പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിക്കുന്ന ആദ്യ പരാതിയാണിത്.

തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷം ഞായറാഴ്ച വൈകിട്ട് കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിനൊപ്പം കോടിയേരി മാദ്ധ്യമങ്ങളോട് നടത്തിയ പ്രതികരണമാണ് പരാതിക്കിടയാക്കിയത്. ‘സഖാവ് ബാലഗോപാൽ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും. അപ്പുറത്തുള്ള സ്ഥാനാർത്ഥിയെ ഇപ്പോൾത്തന്നെ നിങ്ങൾക്ക് മനസിലായിട്ടുള്ളതാണ്. ഏത് സമയത്തും ബി.ജെ.പിയിലേക്ക് പോകാൻ പറ്റുന്ന ഒരാളെയാണ് യു.ഡി.എഫ് ഇവിടെ നിറുത്തിയിരിക്കുന്നത്.’ ഇതായിരുന്നു കോടിയേരിയുടെ പ്രതികരണം.

എൽ.ഡി.എഫ് സ്ഥാനാർത്ഥി ബാലഗോപാലിന്റെ പ്രേരണയിലാണ് കോടിയേരി ഇങ്ങനെ പറഞ്ഞതെന്നാണ് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച കോടിയേരിക്കും ബാലഗോപാലിനുമെതിരെ നടപടി വേണമെന്നാണ് ആർ.എസ്.പിയുടെ ആവശ്യം. നീചമായ വ്യക്തിഹത്യയാണ് പ്രേമചന്ദ്രനെതിരെ സി.പി.എം ആസൂത്രിതമായി നടത്തുന്നതെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റംഗം ഷിബു ബേബിജോൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് നേതാവ് സി.ആർ. മഹേഷിനെ പരാജയപ്പെടുത്താനും സി.പി.എം ഉപയോഗിച്ചത് ഇതേ തന്ത്രമാണ്. പ്രേമചന്ദ്രന്റെ ജനകീയതയെ നേരിടാൻ കഴിയാത്തതിനാലാണ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്. വ്യക്തമായ ഭൂരിപക്ഷത്തോടെ പ്രേമചന്ദ്രൻ വിജയിക്കുമെന്നും ഷിബു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *