ഈരാറ്റിൻപുറത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ  വിപുലപ്പെടുത്തും : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ഈരാറ്റിൻപുറത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ 
വിപുലപ്പെടുത്തും : മന്ത്രി കടകംപള്ളി സുരേന്ദ്രൻ
നെയ്യാറിന്റെ തീരമായ ഈരാറ്റിൻപുറത്തിന്റെ കൂടുതൽ വിനോദസഞ്ചാര സാധ്യതകൾ പരിശോധിക്കുകയും അതിന് ഉതകുന്ന തരത്തിലുള്ള ടൂറിസം വികസന പദ്ധതി നടപ്പാക്കുകയും ചെയ്യുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഈരാറ്റിൻപുറം റോക് പാർക്കിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സൗഹൃദവും പ്രകൃതിക്കു കോട്ടംതട്ടാതെയുമാകും ഈരാറ്റിൻപുറത്ത് ടൂറിസം വികസന പദ്ധതി നടപ്പാക്കുക. തീരത്തിന്റെ സൗന്ദര്യം അതേപടി നിലനിർത്തുന്നതിനൊപ്പം സഞ്ചാരികൾക്കുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ സജ്ജമാക്കും. റോക് പാർക്ക് പദ്ധതിയെ സഞ്ചാരികൾ എങ്ങനെ സ്വീകരിക്കുന്നുവെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് ഭാവി വികസന പദ്ധതികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈരാറ്റിൻപുറത്തെ നദിയിൽ രൂപപ്പെട്ട ചെറു ദ്വീപിലും തീരത്തുമായി മൂന്നര ഏക്കർ പ്രദേശത്ത് 2.66 കോടി രൂപ ചെലവിലാണ് റോക് പാർക്ക് പദ്ധതി നടപ്പാക്കുന്നത്. കല്ലിൽ കൊത്തിയെടുത്ത ശിൽപ്പങ്ങൾ, കുട്ടികൾക്കായുള്ള പാർക്ക്, ട്രീ ഹൗസ്, നടപ്പാലം, പാർക്കങ് യാർഡ് തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
ഈരാറ്റിൻപുറത്തു നടന്ന ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർപേഴ്‌സൺ ഡബ്ല്യു.ആർ. ഹീബ, വൈസ് ചെയർമാൻ കെ.കെ. ഷിബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എൻ.കെ. അനിതകുമാരി, ടി.എസ്. സുനിൽ കുമാർ, കെ.പി. ശ്രീകണ്ഠൻ നായർ, അലിഫാത്തിമ, കൗൺസിലർ എസ്. സതികുമാർ, രാഷ്ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്
വോട്ടുവണ്ടി യാത്ര തുടങ്ങി
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർമാർക്കിടയിൽ ബോധവത്കരണത്തിനായി ജില്ലാ ഭരണകൂടം ഒരുക്കിയ വോട്ടുവണ്ടി യാത്ര തുടങ്ങി. പ്രസ്‌ക്ലബിനു സമീപം നടന്ന ചടങ്ങിൽ ജില്ലാ ഇലക്ഷൻ ഓഫിസർ കൂടിയായ കളക്ടർ ഡോ. കെ. വാസുകി വോട്ടുവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ ജില്ലയിലാകമാനം പര്യടനം നടത്തുന്ന വോട്ടുവണ്ടിയിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും പരിചയപ്പെടുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

വോട്ട് ചെയ്യാൻ സമ്മതിദായകരെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിലാണ് വോട്ടുവണ്ടി ഒരുക്കിയിരിക്കുന്നതെന്ന് കളക്ടർ പറഞ്ഞു. സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (സ്വീപ്പ്) പരിപാടിയുടെ ഭാഗമായാണ് വോട്ടുവണ്ടി ജില്ലയിലെമ്പാടും യാത്രചെയ്യുന്നത്. ജില്ലയിലെ എല്ലാ സമ്മതിദായകരെയും ഒരു തവണയെങ്കിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും പരിചയപ്പെടുത്തുന്ന പരിപാടിയിൽ പങ്കെടുപ്പിക്കുകയെന്നതാണു ലക്ഷ്യമെന്നും കളക്ടർ പറഞ്ഞു.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും സജ്ജീകരിച്ചിട്ടുള്ള പ്രചാരണ വാഹനം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ സന്ദർശനം നടത്തും. വാഹനത്തിൽ സജ്ജീകരിച്ചിട്ടുള്ള വോട്ടിങ് യന്ത്രത്തിൽ വോട്ട് ചെയ്തു നോക്കി സമ്മതിദായകർക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും പരിചയപ്പെടാം. വോട്ട് ചെയ്യുന്ന രീതി വിശദീകരിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെയും വാഹനത്തിൽ നിയോഗിച്ചിട്ടുണ്ട്.
(പി.ആർ.പി. 366/2019)

ജലസേചന പദ്ധതികൾ വിപുലീകരിക്കും;
മന്ത്രി കെ. കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ജലവിഭവ വകുപ്പിന്റെ ഗുണഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി ജലവിഭവ വകുപ്പുമന്ത്രി കെ. കൃഷ്ണൻകുട്ടി. ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ 40 ശതമാനമായിരുന്നത് ഇപ്പോൾ 55 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇത് 80 ശതമാനമായി ഉയർത്താനാകുമെന്നും ജലസേചന പദ്ധതികൾ വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുപുറം-കുമിളി ജലശുദ്ധീകരണ ശാലയുടെയും കാഞ്ഞിരംകുളം-തിരുപുറം-കരകുളം-പൂവാർ വില്ലേജുകൾക്കു വേണ്ടിയുള്ള സമഗ്ര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ സലൂജ, വിവിധ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, മുൻ എം.എൽ.എ ജമീല പ്രകാശം, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
(പി.ആർ.പി. 367/2019)
മത്സ്യത്തൊഴിലാളി കടാശ്വാസം;
മാർച്ച് 31 നകം അപേക്ഷിക്കണം
മത്സ്യത്തൊഴിലാളികൾ വിവിധ ആവശ്യങ്ങൾക്കായി  2008 ഡിസംബർ 31 വരെ എടുത്ത വായ്പകൾക്കും 2007 ഡിസംബർ 31 വരെ എടുത്ത വായ്പകളിൽ കടാശ്വാസത്തിന് നിശ്ചിത തീയതിക്കകം അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും മത്സ്യത്തൊഴിലാളി കടാശ്വാസത്തിനായി പുതിയ അപേക്ഷ സമർപ്പിക്കാം.  അപേക്ഷ ഫോറത്തിന്റെ മാതൃക
www.fisheries.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.  നിർദ്ദിഷ്ട രേഖകൾ സഹിതം മാർച്ച് 31 ന് മുൻപായി സെക്രട്ടറി, കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ, റ്റി.സി. 11/884-2, നളന്ദ റോഡ്, നന്തൻകോട്, കവടിയാർ പി.ഒ തിരുവനന്തപുരം- 695003 എന്ന വിലാസത്തിൽ ലഭിക്കണം.  കൂടുതൽ വിവരങ്ങൾക്ക് 0471 2312010.
(പി.ആർ.പി. 368/2019)
അറ്റകുറ്റപ്പണി: ഗതാഗതം തടസപ്പെടും
മണനാക്- കവലിയൂർ റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മാർച്ച് 11 മുതൽ 13 വരെ ഗതാഗതം  തടസപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.  ഈ ദിവസങ്ങളിൽ ഇതുവഴി പോകേണ്ടുന്ന വാഹനങ്ങൾ തൊട്ടിക്കൽ-മണമ്പൂർ-കവലിയൂർ വഴി പോകേണ്ടതാണ്.  ചെറുന്നിയൂർ -ആലുംമൂട്  റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മാർച്ച് 14 മുതൽ 16 വരെ പാലച്ചിറ-ചെറുന്നിയൂർ വഴി വാഹനങ്ങൾ പോകണം. അച്ചുമാമുക്-തെറ്റിക്കുളം റോഡിൽ മാർച്ച് 18 മുതൽ 20 വരെ  അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വാഹനങ്ങൾ വടശേരിക്കോണം -ആലുംമൂട് -അച്ചുമാമുക്  വഴിയും മണമ്പൂർ  (നാലുമുക്ക്) -തൊട്ടിക്കൽ റോഡിൽ  മാർച്ച് 21 മുതൽ 23 വരെ  അറ്റകുറ്റപ്പണികളുള്ളതിനാൽ വാഹനങ്ങൾ മണനാക് -കവലിയൂർ -മണമ്പൂർ വഴിയും പോകണമെന്ന് പി.ഡബ്ല്യു.ഡി. റോഡ്‌സ് വിഭാഗം അസി. എൻജിനീയർ അറിയിച്ചു.
(പി.ആർ.പി. 369/2019)
പ്രാദേശിക അവധി
ശാർക്കര ദേവിക്ഷേത്രത്തിലെ ഈ വർഷത്തെ മീനഭരണി മഹാത്സവത്തോടനുബന്ധിച്ച് ഏപ്രിൽ എട്ട് തിങ്കളാഴ്ച ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ (പഴയ ചിറയിൻകീഴ് താലൂക്ക്) എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ചതായി ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു.
(പി.ആർ.പി. 370/2019)
പമ്പാമണൽ ഇ-ലേലം ചെയ്യുന്നു
പ്രളയത്തെ തുടർന്ന് പമ്പാനദിയിൽ അടിഞ്ഞുകൂടിയതും പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ പമ്പ ഹിൽടോപ്പ്, ചക്കുപാലം-I എന്നീ സ്ഥലങ്ങളിൽ ശേഖരിച്ച മണലിന്റെ ഇ-ലേലം മാർച്ച് 20 ലേക്ക് മാറ്റി.  രാവിലെ 30 ലോട്ടുകളിലായി 30,000 ക്യുബിക് മീറ്റർ മണലും ഉച്ചയ്ക്ക് ശേഷം 25 ലോട്ടുകളിലായി 25,000 ക്യുബിക് മീറ്റർ മണലുമാണ് വിൽക്കുന്നത്്. ഇ-ലേല നടപടികൾക്ക് നിയോഗിച്ചിട്ടുള്ള ഏജൻസിയായ എം.എസ്.റ്റി.സി.യിൽ പേര് രജിസ്റ്റർ ചെയ്യുവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കാനാകൂ. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് www.mstcecommerce.com. ഫോൺ: 04735-279063, 8547600890. റാന്നി വനം ഡിവിഷനിലെ ഗുഡ്രിക്കൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസിൽ നിന്നും കൂടുതൽ വിവരം ലഭിക്കും.
(പി.ആർ.പി. 371/2019)
 
ജലസ്രോതസ്സുകളെ ഫലപ്രദമായി വിനിയോഗിക്കും:
ഐ.ബി സതീഷ് എം.എൽ.എ
      വരാനിരിക്കുന്ന വേനൽക്കാലത്തെ നേരിടാൻ കാട്ടാക്കട മണ്ഡലത്തിലെ ജലസ്രോതസ്സുകളെ ഫലപ്രദമായി വിനിയോഗിക്കുമെന്ന് ഐ.ബി സതീഷ് എം.എൽ.എ. പാറ ക്വാറികളിലെ ജലം ഉപയോഗിച്ച് കുളങ്ങളും, തോടുകളും, കിണറുകളും റീചാർജ്ജ് ചെയ്യുന്നതിനുള്ള നടപടികൾ മണ്ഡലത്തിൽ പുരോഗമിക്കുകയാണ്. ജലസ്രോതസ്സുകളിലെ ജലത്തിന്റെ അളവുകൂടി ലഭ്യമാകുന്നതോടെ ജലവിനിയോഗാസൂത്രണം കൂടുതൽ മെച്ചപ്പെടുത്തുവാൻ കഴിയുമെന്നും മണ്ഡലത്തിലെ 100 കുളങ്ങളിലെ ജലത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനുമായി സഹകരിച്ച് കുളങ്ങളിലെ ജലത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നതിന് സ്‌കെയിലും ബോർഡും സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സ്‌കെയിലിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി  ഐ.ഐ.ഐ.റ്റി.എം.കെയുമായി ചേർന്ന് ‘ഹരിതസമൃദ്ധി’ മൊബൈൽ ആപ്പും വികസിപ്പിച്ചിട്ടുണ്ട്. കാട്ടാക്കട പഞ്ചായത്തിലെ തൂങ്ങാംപാറ വാർഡിലുള്ള വെള്ളൂർക്കോണം കുളത്തിൽ സ്ഥാപിച്ച സ്‌കെയിലിന്റെ ഉദ്ഘാടനം ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ നിർവഹിച്ചു. ഭൂവിനിയോഗ കമ്മീഷണർ എ.നിസാമുദ്ദീൻ, ഹരിതകേരളം മിഷൻ ടെക്‌നിക്കൽ അഡൈ്വസർ എബ്രഹാം കോശി, ഗ്രാമപഞ്ചായത്ത് അംഗം രാധാകൃഷ്ണൻ നായർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഓരോ കുളത്തിലെയും ജലത്തിന്റെ അളവ് രേഖപ്പെടുത്തുന്നതിലൂടെ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിലേക്ക് ജലം കൂടുതലുള്ള കുളങ്ങളിൽ നിന്നും വെള്ളമെത്തിക്കാൻ സാധിക്കും.
(പി.ആർ.പി. 372/2019)
ആരോഗ്യരംഗം മികവിന്റെ പാതയിൽ;
മന്ത്രി കെ.കെ. ശൈലജ
സംസ്ഥാനത്തെ ആരോഗ്യരംഗത്ത് നടക്കുന്നത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജ. പൂജപ്പുര പഞ്ചകർമ്മ ആയുർവേദ ആശുപത്രിയിൽ നിർമിച്ച പേവാർഡ് കെട്ടിടത്തിന്റെയും എ.സി.ആർ ലാബിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കാത്ത് ലാബ്, ഡയാലിസിസ് സെന്റർ, വനിതാ ഹോസ്റ്റൽ ഉൾപ്പടെയുള്ള സൗകര്യങ്ങളും പരിസരം മോടിപിടിപ്പിക്കാനുള്ള പദ്ധതിയും ഉൾപ്പെടുത്തി ആശുപത്രിയെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിലേക്കുള്ള മാസ്റ്റർ പ്ലാൻ തയ്യാറായതായും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഒ. രാജോപാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ, കൗൺസിലർ ബി. വിജയലക്ഷ്മി, ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ഉഷാകുമാരി, കെ.എച്ച്.ആർ.ഡബ്ലൂ.എസ് എം.ഡി ജി. അശോക് ലാൽ ആയുർവേദ കോളേജ് പ്രിൻസിപ്പാൾ ബിൻസി കുര്യാപ്പള്ളി, തുടങ്ങിയവർ സംബന്ധിച്ചു.
(പി.ആർ.പി. 373/2019)
തീയതി നീട്ടി
പിന്നാക്ക വിഭാഗ വകുപ്പ് നടപ്പിലാക്കുന്ന പരമ്പരാഗത വിശ്വകർമ്മ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കുള്ള പെൻഷൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ആവസാന തീയതി മാർച്ച് 20 വരെ നീട്ടിയതായി മെഖലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. അപേക്ഷകൾ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ, കാക്കനാട് എന്ന വിലാസത്തിലേക്ക് മാർച്ച് 20 വൈകിട്ട് അഞ്ചിനു മുൻപ് അയക്കണം. അപേക്ഷാ ഫോറം www.bcdd.kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484-2429130.
(പി.ആർ.പി. 374/2019)
അറബി മലയാളം വാട്‌സ്ആപ്പ് കോഴ്‌സ്
സാംസ്‌കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിൽ ഒരുവർഷം ദൈർഘ്യമുള്ള അറബിമലയാളം വാട്‌സ്ആപ്പ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയും വിദ്യാഭ്യാസ യോഗ്യതയും നിർബന്ധമില്ല. 2018ൽ ആരംഭിച്ച കോഴ്‌സിന്റെ രണ്ടാമത്തെ ബാച്ചിലേക്കാണ് പ്രവേശനം നടത്തുന്നത്. പരിശീലനത്തിനു ശേഷം എഴുത്തുപരീക്ഷ, വായനാപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ ഗ്രേഡ് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും സെക്രട്ടറി, മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി, കൊണ്ടോട്ടി, മലപ്പുറം എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ 0483-2711434.
(പി.ആർ.പി. 375/2019)
വൈദ്യുതി മുടങ്ങും
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വെള്ളയമ്പലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കനകനഗർ, അയ്യങ്കാളി നഗർ എന്നീ  ട്രാൻസ്‌ഫോർമർ  പ്രദേശങ്ങളിലും കഴക്കൂട്ടം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വിളയിൽകുളം, മേനംകുളം, ഗെയിംസ് വില്ല റോഡ് എന്നീ ഭാഗങ്ങളിലും മാർച്ച് 11 രാവിലെ ഒൻപത് മുതൽ വൈകുന്നേരം  അഞ്ചു വരെ വൈദ്യുതി മുടങ്ങും.
പുത്തൻചന്ത  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചർച്ച് ട്രാൻസ്‌ഫോർമർ, ജാസ്സ്.പി.റ്റി.സി. പോലീസ് ഗ്രൌണ്ട്. അരിസ്റ്റോ, വുഡ് ലാൻഡ്, ശാസ്താംകോവിൽ ക്രിക്കറ്റ് അസ്സോസ്സിയേഷൻ എന്നീ ഭാഗങ്ങളിൽ മാർച്ച് ഒൻപത് മുതൽ 13 വരെ രാവിലെ ആറ് മുതൽ  ഉച്ചയ്ക്ക് ഒന്നു വരെ വൈദ്യുതി മുടങ്ങും.
ഫോർട്ട്  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാജധാനി നമ്പർ 1 & 2 ട്രാൻസ്‌ഫോർമർ ഭാഗങ്ങളിൽ മാർച്ച് 10 രാവിലെ ഒൻപത് മുതൽ വൈകുന്നേരം  അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആർ.പി. 378/2019)

Leave a Reply

Your email address will not be published. Required fields are marked *