മൃഗസംരക്ഷണ വകുപ്പില്‍ സമാനതകളില്ലാത്ത വികസനം

മൃഗസംരക്ഷണ വകുപ്പില്‍ സമാനതകളില്ലാത്ത വികസനം:  മന്ത്രി കെ. രാജു
മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥാപനങ്ങളെല്ലാം മികവുറ്റതാണെന്ന് വനം-വന്യജീവി-മൃഗസംരക്ഷണം വകുപ്പു മന്ത്രി കെ. രാജു. വകുപ്പില്‍ നടക്കുന്നത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ്. ഇവയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പാലോട് സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫ് സയന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസിന്റെ ഭാഗമായി വന്യജീവികളിലെ രോഗനിര്‍ണയത്തിനും പഠനത്തിനും ഗവേഷണത്തിനുമായി സജ്ജമാക്കിയ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്ഥാപനമാണ് സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സയന്‍സസ്.
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കു പകരാനിടയുള്ള രോഗങ്ങളെ നേരത്തെ കണ്ടെത്തി അവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാന്‍ സെന്ററിനു കഴിയും. മൃഗങ്ങളെ പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള സൗകര്യവും സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫ് സയന്‍സില്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി അതിവേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കാനായത് വകുപ്പിന്റെ മികവുകൊണ്ടാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഡി.കെ. മുരളി എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ ‘എന്‍.എ.ബി.എല്‍’ അക്രിഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ്, ‘സിയാഡ് ക്രോണിക്കിള്‍’ എന്ന പുസ്തകത്തിന്റെയും പ്രകാശനവും, വൈല്‍ഡ് ലൈഫ് മ്യൂസിയം, ഇ-ഓഫീസ് ആന്‍ഡ് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രന്‍, നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ സുരേഷ്, മൃഗസംരക്ഷണ വകുപ്പു ഡയറക്ടര്‍ പി.കെ. സദാനന്ദന്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം:
മാര്‍ച്ച് 11 വരെ അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് മാര്‍ച്ച് 11 വരെ അപേക്ഷിക്കാം. പത്താംക്ലാസ്സ് പാസ്സാണ് അടിസ്ഥാന യോഗ്യത. ആറു മാസം ദൈര്‍ഘ്യമുളള പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തുന്നത്. അപേക്ഷാഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. www.srccc.in എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 11. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2325101, 2325102, 89211518197.

സൗജന്യ പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും ഒരുലക്ഷം രൂപവരെ കുടുംബവാര്‍ഷിക വരുമാനമുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗക്കാരായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏപ്രില്‍ ഒന്നിന് ക്ലാസ് ആരംഭിക്കും. താത്പര്യമുള്ളവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 26ന് മുന്‍പ് മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോം നേരിട്ടു ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2543441.

ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ‘മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസ്സെബിലിറ്റീസ്’ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. വിദൂരവിദ്യാഭ്യാസ രീതിയിലാണ് കോഴ്‌സ് നടത്തുന്നത്. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല. സ്‌കൂള്‍ അദ്ധ്യാപകര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എഡ്യൂക്കേഷന്‍ തെറാപ്പിസ്റ്റ്, എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷയും വിശദ വിവരങ്ങളും www.srckerala.gov.in / www.srccc.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അവസാന തീയതി മാര്‍ച്ച് രണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2325101, 9446330827.

ഉടമകള്‍ റേഷന്‍കാര്‍ഡ് കൈപ്പറ്റണം

      ഉടമകള്‍ റേഷന്‍കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് തയ്യാറാക്കിയതും ഉടമകള്‍ കൈപ്പറ്റാത്തതുമായ റേഷന്‍ കാര്‍ഡുടമകളുടെ വിവരം സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ഉടമകള്‍ അഞ്ച് ദിവസത്തിനകം അതത്  താലൂക്ക് സപ്ലൈ ആഫീസുകളില്‍ നിന്നും കാര്‍ഡ് കൈപ്പറ്റേണ്ടതാണ്.  അല്ലാത്തവരുടെ കാര്‍ഡുകള്‍ റദ്ദ് ചെയ്യുമെന്ന് ജില്ലാ സപ്ലൈ ആഫീസര്‍  അറിയിച്ചു.

പിഴപ്പലിശ ഒഴിവാക്കി

     കെട്ടിട നികുതി കുടിശിക ഒറ്റത്തവണയായി ഒടുക്കുന്നവര്‍ക്ക് മാര്‍ച്ച് 31 വരെ പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കിയതായി മേയര്‍ വി.കെ. പ്രശാന്ത് അറിയിച്ചു.  നികുതി പിരിവ് ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി നഗരസഭയുടെ പ്രധാന ഓഫീസിലും മേഖലാ ഓഫീസുകളിലും അവധി ദിവസങ്ങള്‍ ഉള്‍പ്പടെ മാര്‍ച്ച് 31 വരെ നികുതി ഒടുക്കുന്നതിനുള്ള കൗണ്ടര്‍ പ്രവര്‍ത്തിക്കും. നികുതിദായകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മേയര്‍ അറിയിച്ചു.

നോര്‍ക്ക റൂട്ട്‌സില്‍ ഇ-സേവന കേന്ദ്രം
പ്രവര്‍ത്തനമാരംഭിച്ചു

     നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്ത് ഇ-സേവന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.  നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റിലൂടെ ലഭ്യമാകുന്ന വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍, ഡി.റ്റി.പി, പ്രിന്റിങ്ങ്, സ്‌കാനിങ്ങ്, ഫോേട്ടാസ്റ്റാറ്റ് തുടങ്ങിയ സേവനങ്ങള്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ഇ-സേവന കേന്ദ്രത്തില്‍ നിന്നും പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ലഭ്യമാകും. നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ ഡി. ജഗദീശ്, റിക്രൂട്ട്‌മെന്റ് മാനേജര്‍ അജിത് കോളശ്ശേരി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്‍.വി. മത്തായി, ഉദ്യോസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വൈദ്യുതി മുടങ്ങും

     അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ആറാട്ടുമുക്ക്, തുമ്പ ചര്‍ച്ച്, പള്ളിനട, ടെക്‌നോപാര്‍ക്ക്  എന്നീ ട്രാന്‍സ്‌ഫോര്‍മര്‍  പ്രദേശങ്ങളില്‍  ഇന്ന് (മാര്‍ച്ച് 1) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

റിസര്‍ച്ച് അസിസ്റ്റന്റ്; വാക്ക് ഇന്‍ ഇന്റര്‍വ്യൂ
തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ ശല്യതന്ത്ര വിഭാഗത്തില്‍ ഓണറേറിയം അടിസ്ഥാനത്തില്‍ റിസര്‍ച്ച് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ശല്യതന്ത്രയില്‍ ബിരുദാനന്തരബിരുദവും ഡാറ്റാ പ്രോസസ്സിംഗില്‍ പരിചയവുമുള്ളവര്‍ ബയോഡേറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ ഉള്‍പ്പെടെ മാര്‍ച്ച് ആറിന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *