ഞങ്ങളെ അടിച്ചേയെന്ന് പാക്കിസ്ഥാൻ കരഞ്ഞു: പ്രധാനമന്ത്രി

നോയ്ഡ: ഭീകരരെ നേരിടുന്ന കാര്യത്തിൽ ഇന്ത്യ പുതിയ നയമാണു പിന്തുടരുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് മുംബൈ ഭീകരാക്രമണമുണ്ടായപ്പോൾ രാജ്യം അതിനെതിരെ ശക്തമായി പ്രതികരിക്കണമായിരുന്നു. സൈന്യം തിരിച്ചടി നൽകാൻ ഒരുക്കമായിരുന്നെങ്കിലും‌ അന്നു സർക്കാരിനു താൽപര്യമില്ലാതിരുന്നതുകൊണ്ടാണ് അതു നടക്കാതെ പോയതെന്നാണു റിപ്പോർട്ടുകൾ. സൈന്യത്തെ ഒരു നടപടിയും സ്വീകരിക്കാൻ അനുവദിച്ചില്ല– ഗ്രേറ്റർ നോയ്ഡയിലെ പൊതുപരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു.

പുതിയ രീതികളും നയങ്ങളുമായാണ് ഇന്ത്യ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഉറി ഭീകരാക്രമണത്തിനു ശേഷം ഭീകരർക്കു മനസ്സിലാകുന്ന ഭാഷയിൽ ഇന്ത്യ അവരെ ഒരു പാഠം പഠിപ്പിച്ചു. ഒന്നും ചെയ്യാത്ത ഒരു സർക്കാരിനെ മതിയോ ജനങ്ങൾക്ക്?. ഉറങ്ങുന്ന ചൗക്കീദാറിനെ (കാവൽക്കാരൻ) മതിയോ?. ഉറി ഭീകരാക്രമണത്തിനു ശേഷം തെളിവുകൾ ശേഖരിച്ചു. അതുവരെ നടക്കാതിരുന്ന ഒരു കാര്യമാണു നമ്മുടെ സൈനികർ അന്നു ചെയ്തത്. ഭീകരരുടെ വീടിനകത്തു കയറിച്ചെന്നു സൈനികർ അവരെ തകർക്കുകയായിരുന്നു– പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരരും അവരുടെ സംരക്ഷകരും ഇത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യ ഒരിക്കൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയതിനാല്‍ വീണ്ടും അങ്ങനെ ചെയ്യുമെന്ന് അവർ‌ കരുതി. അതുകൊണ്ട് അവർ അതിർത്തിയിൽ കൂടുതൽ സുരക്ഷയേർപ്പെടുത്തി. എന്നാൽ ഇത്തവണ നമ്മൾ വ്യോമമാർഗമാണു പോയത്. പുലർച്ചെ 3.30നാണ് ബാലാക്കോട്ടിൽ വ്യോമാക്രമണം നടത്തിയത്. അതോടെ പാക്കിസ്ഥാന് ഉറക്കം നഷ്ടമായി. വ്യോമാക്രമണത്തിനു ശേഷം ഇന്ത്യ സാഹചര്യങ്ങൾ പരിശോധിച്ചുവരികയായിരുന്നു. മോദി ഞങ്ങളെ അടിച്ചേ എന്നു പറഞ്ഞു പുലർച്ചെ 5 മണി മുതൽ കരഞ്ഞത് പാക്കിസ്ഥാനാണ്. ആക്രമണങ്ങളിലൂടെ ഇന്ത്യയെ മുറിവേൽപിച്ചാലും തിരിച്ചടിക്കില്ലെന്നാണ് അവർ കരുതിയിരുന്നത്. 2014 വരെയുണ്ടായിരുന്ന റിമോട്ട് കൺട്രോൾ സർ‌ക്കാരിന്റെ നിലപാടുകൾ കാരണമാണു ശത്രുക്കൾക്ക് ഇങ്ങനെയൊരു ചിന്ത വന്നത്.

ചില നേതാക്കളുടെ വിവാദപരമായ പ്രസ്താവനകൾകേട്ട് പാക്കിസ്ഥാനിൽനിന്നു കയ്യടികളുണ്ടാകുന്നുണ്ട്. ഇത്തരം ആൾക്കാരെ വിശ്വസിക്കണോ വേണ്ടയോ എന്നു ജനം തീരുമാനിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് എല്ലാ അഴിമതിക്കാർക്കും മോദിയുമായി പ്രശ്നങ്ങളുണ്ട്. ഈ കാവൽക്കാരനെ ചൂഷണം ചെയ്യുന്നതിൽ അവർക്കിടയിൽ മൽസരം തന്നെയുണ്ട്. അതിലൂടെ വോട്ടുകൾ കിട്ടുമെന്നാണ് അവർ കരുതുന്നത്. മോദിയെ എതിർക്കുന്ന കാര്യത്തിൽ അവർ ഏറെ ആശങ്കയിലാണ്. അതുകൊണ്ടാണു പ്രതിപക്ഷം ഇപ്പോൾ രാജ്യത്തെയും എതിർക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *