കോട്ടയത്ത് തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കാൻ കെ.എം.മാണിയുടെ തീരുമാനം.

കോട്ടയം: പി.ജെ.ജോസഫിനെ വെട്ടിനിരത്തി കോട്ടയത്ത് തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കാൻ കെ.എം.മാണിയുടെ തീരുമാനം. കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ നേതാക്കളുമായി ഇന്നലത്തെ പകൽ മുഴുവൻ നീണ്ട ചർച്ചയ്ക്കൊടുവിൽ രാത്രി 9.05- നായിരുന്നു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചുകൊണ്ട് കെ.എം. മാണിയുടെ ഒറ്റവരി പത്രക്കുറിപ്പ്. പാർലമെന്ററി പാർട്ടി യോഗത്തിലും സ്റ്റിയറിംഗ് കമ്മിറ്റിയിലും ലോക്സഭയിലേക്ക് മത്സരിക്കണമെന്ന് വർക്കിംഗ് ചെയർമാനായ ജോസഫ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മറ്റാരുടെയും പേര് ഉയരാത്ത സാഹചര്യത്തിൽ ജോസഫിനെ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും, അന്തിമ പ്രഖ്യാപനത്തിന് കെ.എം. മാണിയെ യോഗം ചുമതലപ്പെടുത്തുകയായിരുന്നു.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പകരം ജോസഫിനെ എതിർക്കുന്ന കോട്ടയം ലോക്സഭാ മണ്ഡലത്തിലെ പാർട്ടി നേതാക്കളുടെ യോഗം പാലായിലെ വീട്ടിൽ വിളിച്ച് മാണി അഭിപ്രായം തേടിയതോടെ ജോസഫിനെ വെട്ടാനുള്ള വഴി ഒരുങ്ങി. കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അടക്കം വിവിധ നിയോജക മണ്ഡലം ഭാരവാഹികൾ പ്രതീക്ഷിച്ചതു പോലെ ജോസഫിനെതിരെ ഒറ്റക്കെട്ടായ നിലപാട് സ്വീകരിച്ചു. ഇതോടെ തീരുമാനം നീണ്ടു.’വരത്തനായ സ്ഥാനാർത്ഥിയെ കോട്ടയത്ത് വേണ്ടെന്ന’ യോഗത്തിന്റെ പൊതുതീരുമാനം മാണി അംഗീകരിക്കുകയായിരുന്നു.ജോസഫിന് സീറ്റ് നൽകണമെന്ന് ഉന്നത കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും മാണി ചെവിക്കൊണ്ടില്ല.

കോട്ടയത്ത് ജയസാദ്ധ്യത ചൂണ്ടിക്കാട്ടി ജോസഫിന് പിന്തുണയുമായി ഉന്നത കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ജോസഫുമായി ഉമ്മൻചാണ്ടി ചർച്ച നടത്തിയതോടെ മാണി ഗ്രൂപ്പിന്റെ സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസ് നേതാക്കൾ ഇടപെടേണ്ടെന്നായിരുന്നു വിശ്വസ്തനായ റോഷി അഗസ്റ്റിൻ എം.എൽ.എയെക്കൊണ്ട് മാണി പറയിപ്പിച്ച മറുപടി.

ജോസഫിന് സീറ്റില്ലെന്ന് വ്യക്തമായതോടെ തൊടുപുഴയിലെ വീട്ടിൽ മോൻസ് ജോസഫ്, ടി.യു.കുരുവിള തുടങ്ങിയ നേതാക്കളും ജോസഫ് ഗ്രൂപ്പ് പ്രവർത്തകരും രാത്രി വൈകിയും യോഗം ചേർന്നിരുന്നു. പാർട്ടി പിളർത്തി ജോസഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന ആഭ്യൂഹങ്ങളും ഇതോടെ ശക്തമായി. പാർട്ടി തീരുമാനത്തിൽ ജോസഫ് ഇന്ന് നിലപാട് പ്രഖ്യാപിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *