അയോദ്ധ്യയിൽ മദ്ധ്യസ്ഥതയ്ക്ക് മൂന്നംഗ സമിതി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, രാഷ്ട്രീയ – മതപ്രാധാന്യം ഏറെയുള്ള രാമജന്മഭൂമി – ബാബ്റി മസ്ജിദ് ഭൂമി തർക്കം മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കാൻ സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചു. പരിഹാരം കാണാൻ സമിതിക്ക് എട്ടാഴ്ചയും അനുവദിച്ചു.സുപ്രീംകോടതി മുൻ ജസ്റ്റിസ് ഫക്കീർ മുഹമ്മദ് ഇബ്രാഹീം ഖലീഫുള്ള ചെയർമാനായ സമിതിയിൽ ആത്മീയാചാര്യനും ആർട്ട് ഒഫ് ലിവിംഗ് സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകനും പ്രശസ്ത മദ്ധ്യസ്ഥനുമായ ശ്രീറാം പഞ്ചു എന്നിവർ അംഗങ്ങളാണ്. മനസിലെയും ഹൃദയത്തിലെയും മുറിവുകൾ ഉണക്കാനാണ് ശ്രമിക്കുന്നതെന്ന് മദ്ധ്യസ്ഥരെ നിയോഗിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ്‌മാരായ എസ്.എ.ബോബ്ഡെ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്.അബ്ദുൾ നസീർ എന്നിവരടങ്ങിയ ഭരണഘടനാബെഞ്ച്‌ വ്യക്തമാക്കി.

എല്ലാ കക്ഷികളുമായി സംസാരിച്ച് പരിഹാരമുണ്ടാക്കണമെന്നും മദ്ധ്യസ്ഥതയ്‌ക്ക് നിയമതടസമില്ലെന്നും ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വ്യക്തമാക്കി. സമിതിക്ക് എന്ത് തടസമുണ്ടായാലും കോടതിയെ സമീപിക്കാം. സുരക്ഷയുൾപ്പെടെ ഉത്തർപ്രദേശ് സർക്കാർ ഒരുക്കണം.യു.പി. സർക്കാർ തർജ്ജമ ചെയ്ത ആയിരക്കണക്കിന് രേഖകൾ പരിശോധിക്കാൻ കക്ഷികൾക്ക് സുപ്രീംകോടതി അനുവദിച്ച സമയപരിധിയാണ് എട്ടാഴ്‌ച. ഈ കാലയളവിലാണ് മദ്ധ്യസ്ഥതയെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പതിറ്റാണ്ടുകളായി ഹിന്ദു, മുസ്ലീം വിശ്വാസികളുടെ മതവികാരത്തിൽ കാലുഷ്യമുണ്ടാക്കുന്ന മുറിവ് മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കാമെന്നാണ് പ്രതീക്ഷയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നുരാംലല്ലയുൾപ്പെടെ പ്രധാന ഹിന്ദുകക്ഷികളും ഉത്തർപ്രദേശ് സർക്കാരും മദ്ധ്യസ്ഥതയെ എതിർത്തെങ്കിലും സുന്നി വഖഫ് ബോർഡ് അനുകൂലമാണ്. കോടതി നിർദ്ദേശ പ്രകാരം കക്ഷികൾ മദ്ധ്യസ്ഥരുടെ പേരുകളും നിർദ്ദേശിച്ചിരുന്നു. മദ്ധ്യസ്ഥതയ്ക്ക് ഉത്തരവിറക്കിയാൽ പൊതുജനങ്ങളെ പങ്കെടുക്കാൻ അനുവദിക്കണമെന്ന ഹിന്ദുമഹാസഭയുടെ ആവശ്യം കോടതി പരിഗണിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *