നീരവ് മോദിയുടെ ആഡംബര ബംഗ്ലാവ് തകർത്തു

മുംബൈ : വൻ സാമ്പത്തിക തട്ടിപ്പു നടത്തി വിദേശത്തേക്കു കടന്ന വജ്രവ്യാപാരി നീരവ് മോദി, അനധികൃതമായി നിർമിച്ച ആഡംബര ബംഗ്ലാവ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു. ബോംബെ ഹൈക്കോടതി നിർദേശപ്രകാരമാണു നടപടി. കൊങ്കൺ മേഖലയിലെ അലിബാഗിൽ തീരനിർമാണ ചട്ടം ലംഘിച്ചു പണിത 30,000 ചതുരശ്ര അടിയുടെ  ‘രൂപന്യ’ എന്ന കെട്ടിടമാണിത്. അനുമതി ലഭിച്ചതിനെക്കാൾ മൂന്നിരട്ടി വലുപ്പത്തിൽ നിർമിച്ച ബംഗ്ലാവിന്റെ തൂണുകളിലും അകത്തുമായി 30 കിലോ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച് റിമോട്ട് കൺട്രോൾ ഉപയോഗിച്ചു തകർക്കുകയായിരുന്നു. പൊളിച്ചുനീക്കാന‍ാണ് ആലോചിച്ചതെങ്കിലും ചെലവു കുറയ്ക്കാനും സമയം ലാഭിക്കാനുമായാണ് സ്ഫോടനം നടത്തിയത്. കുറഞ്ഞസമയത്തിനകം കനത്ത പുകയോടെ കെട്ടിടം നിലംപതിച്ചു. അടിത്തറ ഇളക്കാനും അവശിഷ്ടങ്ങൾ നീക്കാനും മാസങ്ങൾ വേണ്ടിവന്നേക്കും.

10 ലക്ഷം രൂപയുടെ ബുദ്ധ പ്രതിമ, 15 ലക്ഷത്തിന്റെ ബാത്ത് ടബ്, 20 ലക്ഷത്തിന്റെ ആഡംബര തൂക്കുവിളക്ക് എന്നിവ കെട്ടിടത്തിൽ നിന്ന് എടുത്തു നീക്കിയതായും ഇവ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു(ഇഡി) കൈമാറുമെന്നും റായ്ഗഡ് കലക്ടർ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *