റഫാൽ രേഖകൾ മോഷണം പോയിട്ടില്ലെന്നു വിശദീകരണം; മലക്കം മറിഞ്ഞ് എജി

ന്യൂഡൽ‌ഹി: റഫാൽ രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്നു മോഷണം പോയെന്നു വാദിച്ചിട്ടില്ലെന്നു അറ്റോർണി ജനറൽ (എജി) കെ.കെ.വേണുഗോപാൽ. യഥാർ‌ഥ രേഖകളുടെ പകർപ്പ് ഹർജിക്കാർ ഉപയോഗിച്ചെന്നാണ് പറഞ്ഞതെന്ന് വേണുഗോപാൽ വാർത്താ ഏജൻസിയോടു പറഞ്ഞു. രേഖകൾ മോഷണം പോയെന്ന പരാമർ‌ശം വൻ വിവാദങ്ങൾക്കും രാഷ്ട്രീയ പോരിനും കാണമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് എജിയുടെ വിശദീകരണം.

സർ‌ക്കാർ‌ അതീവരഹസ്യമായി സൂക്ഷിച്ചിരുന്ന രേഖകളുടെ പകർപ്പ് ഉപയോഗിച്ചാണ് ഹർജിക്കാർ റഫാൽ കരാറിൽ അന്വേഷണം ആവശ്യപ്പെട്ടതെന്നു കോടതിയിൽ‌ വ്യക്തമാക്കാനാണ് ശ്രമിച്ചത്. എന്നാൽ‌ പ്രതിപക്ഷം ഈ വാക്കുകൾ വളച്ചൊടിച്ചു. യഥാർഥ രേഖകൾ മോഷണം പോയെന്നു സൂപ്രീംകോടതിയിൽ വാദിച്ചുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണെന്നു വേണുഗോപാൽ പറഞ്ഞു.വിമാന ഇടപാടുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്നു മോഷ്ടിക്കപ്പെട്ടെന്നും ഔദ്യോഗിക രഹസ്യ നിയമപ്രകാരമുള്ള നടപടികൾക്കു മുന്നോടിയായി ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നുമായിരുന്നു ബുധനാഴ്ച എജി സുപ്രീംകോടതിയിൽ ഉന്നയിച്ചത്. രേഖകൾ പ്രസിദ്ധീകരിച്ച ദ് ഹിന്ദു ഉൾപ്പെടെ രണ്ടു പ്രസിദ്ധീകരണങ്ങൾക്കും മുതിർന്ന അഭിഭാഷകനുമെതിരെ നടപടി വേണമെന്നും എജി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *