ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ്; കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 23 ന്

ന്യൂഡൽഹി : പതിനേഴാം ലോക്‌സഭയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനായുള്ള പൊതു തെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.  ഏഴു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാക്കുമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഏപ്രിൽ 11ന് തുടങ്ങുന്ന വോട്ടെടുപ്പ് മേയ് 19ന് അവസാനിക്കും. മേയ് 23ന് ആണ് വോട്ടെണ്ണൽ. ഏപ്രിൽ 23ന് മൂന്നാംഘട്ടത്തിലാണു കേരളത്തിൽ തിരഞ്ഞെടുപ്പ്. ഏപ്രിൽ 11, 18, 23, 29, മേയ് 6, 12, 19 തീയതികളിലായാണു ഏഴു ഘട്ടങ്ങൾ.മാര്‍ച്ച് 25 വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡിഷ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഇപ്പോഴില്ല. മാർച്ച് 9 വരെ ഒഴിവുള്ള നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തും.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റചട്ടം നിലവില്‍ വന്നു.പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. പതിനേഴാം ലോക്സഭയിലേക്കുള്ള വോട്ടെടുപ്പിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 90 കോടി വോട്ടർമാരാണു രാജ്യത്തുള്ളത്. 10 ലക്ഷം പോളിങ് സ്റ്റേഷനുകൾ തയാറാക്കും. പുതിയ വോട്ടര്‍മാര്‍ക്കായി ടോള്‍ ഫ്രീ നമ്പറും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. 1950 ആണ് നമ്പര്‍. പത്ത് ലക്ഷം പോളിങ് ബൂത്തുകളായിരിക്കും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പില്‍ ഉച്ചഭാഷിണിക്ക് നിയന്ത്രണമേര്‍പ്പെടുത്തി. വോട്ടര്‍മാര്‍ക്ക് പരാതികള്‍ അറിയിക്കാന്‍ പ്രത്യേക ആപ്പിനും രൂപം നല്‍കി.

എല്ലാ പോളിങ് സ്റ്റേഷനുകളിലും വിവിപാറ്റ് ഉപയോഗിക്കും. വോട്ടിങ് യന്ത്രങ്ങൾക്കു ജിപിഎസ് നിരീക്ഷണമുണ്ടാകും. രാജ്യത്ത് 8.43 കോടി പുതിയ വോട്ടർമാരുണ്ട്. ഇതിൽ 1.5 കോടി പേർ 18–19 വയസ്സുള്ളവരാണ്. പ്രശ്നബാധിത മേഖലയിൽ കൂടുതൽ സുരക്ഷയൊരുക്കും. പരിസ്ഥിതിസൗഹൃദ തിരഞ്ഞെടുപ്പു പ്രചാരണം ഉറപ്പാക്കും.

Leave a Reply

Your email address will not be published. Required fields are marked *