അവധി ഒഴിവുകളിൽ ജോലിനൽകും; എംപാനൽ ജീവനക്കാർ സമരം നിർത്തി

തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പിരിച്ചുവിട്ട എംപാനൽ ജീവനക്കാരിൽ 5 വർഷത്തിലേറെ ജോലി പരിചയമുള്ളവർക്ക് അവധി മൂലമുണ്ടാകുന്ന ഒഴിവുകളിൽ ജോലി നൽകാൻ സർക്കാർ സമ്മതിച്ചു. മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലെ തീരുമാനം അംഗീകരിച്ച ജീവനക്കാർ 47 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്ന സമരം അവസാനിപ്പിച്ചു.

കെഎസ്ആർടിസിയുടെ മൂന്നു സോണുകളിലായി 5 വർഷത്തിൽ കൂടുതൽ ജോലി ചെയ്ത എംപാനൽ ജീവനക്കാരുടെ പാനൽ തയാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അവധി ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനം. പിരിച്ചുവിടപ്പെട്ട 3861 പേരിൽ ഭൂരിഭാഗം പേർക്കും തീരുമാനം വഴി ജോലി ലഭിക്കുമെന്ന് സമരസമിതി കൺവീനർ ദിനേശ് ബാബു പറഞ്ഞു. കെഎസ്ആർടിസിൽ നിലവിൽ 1300 ലീവ് വേക്കൻസിയുണ്ടെന്നാണ് സൂചന. ഇതിനു പുറമെ താൽക്കാലിക അവധിയെടുത്തു പോകുന്നവരുമുണ്ട്.

കാഷ്വൽ, ടെംപററി ആൻഡ് ബെഡ്‌ലി വർക്കേഴ്സ് നിയമപ്രകാരമാണ് നിയമനം അനുവദിക്കുന്നതെന്ന് ഗതാഗതവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. ഇത് ഹൈക്കോടതി നിയമത്തിന്റെ ലംഘനമാകില്ല.നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് അവധി ഒഴിവുകളിൽ നിയമനം നൽകാമെന്ന ധാരണയായത്. കെഎസ്ആർടിസി എംഡി എം.പി.ദിനേശും ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *