പ്രളയത്തിൽ മണ്ണിനടിയിലായ പമ്പയിലെ ആറാട്ട് കടവ് കണ്ടെത്തി

ശബരിമല: പ്രളയത്തിൽ മണ്ണിനടിയിലായ പമ്പയിലെ ആറാട്ട് കടവ് കണ്ടെത്തി. ഉത്സവത്തിനു സമാപനം കുറിച്ച് അയ്യപ്പ സ്വാമിയുടെ ആറാട്ട് ഇനി പമ്പയിലെ കടവിൽ നടത്താം. ഗണപതികോവിലിനു താഴെ പമ്പാ നദിയിൽ ആണ് ആറാട്ട് കടവ്. ഇതിന്റെ വശങ്ങൾകെട്ടി, മണ്ഡപവും നിർമിച്ച് സംരക്ഷിച്ചിരുന്നു. എന്നാൽ പ്രളയത്തിൽ മണ്ഡപം തകർന്ന് ഒലിച്ചുപോയി. ഒഴുകിവന്ന മണ്ണടിഞ്ഞ് ആറാട്ട് കടവ് കാണാനില്ലായിരുന്നു. മണ്ഡല മകരവിളക്ക് തീർഥാടനത്തിനു മുന്നോടിയായി 5 മീറ്റർ താഴ്ചയിൽ നദിയിലെ മണ്ണ് നീക്കി. അപ്പോഴും ആറാട്ട് കടവ് കണ്ടെത്താനായിരുന്നില്ല.

ഇത്തവണ ഉത്സവത്തിന് 12നു രാവിലെ 7.30നും 8.25നും മധ്യേയുള്ള മുഹൂർത്തത്തിൽ കൊടിയേറും. ഉത്സവത്തിന് സമാപനം കുറിച്ച് 21ന് രാവിലെ 11ന് ആണ് പമ്പയിൽ ആറാട്ട് നടക്കേണ്ടത്. ആറാട്ട് കടവ് കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ എവിടെ നടത്തുമെന്ന ചർച്ചയിലായിരുന്നു തന്ത്രിയും ദേവസ്വം ബോർഡും.നദിയിലെ മണ്ണു നീക്കി 2 ആഴ്ച നടത്തിയ പരിശ്രമത്തിലൂടെ ആറാട്ട് കടവ് കണ്ടെത്തി. വശങ്ങൾ ഇടിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിച്ചാണ് മണ്ണ് നീക്കിയത്. നദിയിൽ ഇപ്പോൾ വെള്ളമില്ല. ഇടിഞ്ഞ ഭാഗം കെട്ടുന്ന ജോലികൾ ആരംഭിച്ചു. വശങ്ങളിലെ കമ്പിവേലി മുഴുവൻ പ്രളയത്തിൽ നശിച്ചിരുന്നു. പുതിയ വേലി സ്ഥാപിക്കുന്ന പണിയും തുടങ്ങി.

 

Leave a Reply

Your email address will not be published. Required fields are marked *