റഫാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നു കോൺഗ്രസ്

ന്യൂ‍ഡൽഹി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നു കോൺഗ്രസ്. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിലാണു വക്താവ് രൺദീപ് സുർജേവാല ഇക്കാര്യം ആവശ്യപ്പെട്ടത്.

ഫ്രഞ്ച് വിമാനക്കമ്പനി ഡാസോ ഏവിയേഷനെ സഹായിക്കാനായി മോദി തന്റെ പദവി ദുരുപയോഗം ചെയ്തു, പൊതുപണം നഷ്ടപ്പെടുത്തിയെന്നും കോൺഗ്രസ് പറഞ്ഞു. ‘ലജ്ജാകരവും വലിയ തോതിലുമുള്ള അഴിമതി നടന്നതായി ഇപ്പോൾ തെളിഞ്ഞു. മോദി തന്റെ അധികാരം ദുർവിനിയോഗം ചെയ്തതായി സംശയാതീതമായി തെളിഞ്ഞു. ഇത് അഴിമതി നിരോധന നിയമത്തിന്റെ ലംഘനമാണ്. മാത്രമല്ല, ഇന്ത്യൻ പീനൽകോഡിന്റെ വിവിധ വകുപ്പുകളും ഇതിൽ ചാർത്താം. മോദിക്കെതിരെയും മറ്റുള്ളവർക്കെതിരെയും എഫ്ഐആർ റജിസ്റ്റർ ചെയ്യേണ്ട സമയം അതിക്രമിച്ചു. റഫാൽ അഴിമതി അധികാരത്തിന്റെ ഉന്നത ശ്രേണിയിൽ ഉള്ളവരെപ്പോലും ബാധിച്ചു. ഇടപാടിൽ കൂടിയാലോചന നടത്തിയ ഇന്ത്യൻ നെഗോഷിയേഷൻ ടീമിന്റെ (ഐഎൻടി) റിപ്പോർട്ട് ഇപ്പോൾ പൊതുജനമധ്യത്തിലുണ്ട്. പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ച് രാജ്യത്തെ കബളിപ്പിച്ചാണ് അഴിമതി നിറഞ്ഞ അവ്യക്തത നിറഞ്ഞ ഈ ഇടപാടിനെ മൂടിവച്ചത്. രാജ്യസുരക്ഷാ താൽപര്യം പോലും പാഴ്ചെലവാക്കി.രേഖകൾ ഇപ്പോൾ പൊതുജനമധ്യത്തിലുണ്ട്. ഉത്തരവാദിത്തം ഇപ്പോൾ മോദിയുടെ വാതിൽക്കലാണ്. അഴിമതി നിരോധന നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്യണം. ഗൂഢാലോചന ഇപ്പോൾ പുറത്തുവന്നു. ബാങ്ക് ഗ്യാരന്റി നിബന്ധന എടുത്തുകളഞ്ഞതോടെ മോദി ഖജനാവിലെ പണമാണ് നഷ്ടപ്പെടുത്തുന്നത്. രാജ്യത്തിനാവശ്യമായ സജ്ജീകരണങ്ങൾ ഉൾക്കൊള്ളിക്കാനോ വിമാനത്തിന്റെ സാങ്കേതിക വിദ്യ കൈമാറാനോ ഇടപാടുവഴി കഴിയില്ല. പ്രധാനമന്ത്രിയുടെ ഇടപെടലോടെ 36 റഫാൽ വിമാനങ്ങൾക്കായി 10,300 മില്യൺ യൂറോ രാജ്യം മുടക്കേണ്ടിവരും’ – സുർജേവാല ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *