1.24 മിനിറ്റിൽ 18 എഡിറ്റിംഗ്; അഭിനന്ദന്റെ വീഡിയോ പുറത്തുവിട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പാക് സൈന്യത്തിന്റെ പിടിയിൽ നിന്നും ഭാരതത്തിൽ തിരിച്ചെത്തിയ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ വീഡിയോ വീണ്ടും പുറത്തു വിട്ട് പാകിസ്ഥാൻ. അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുൻപ് എഡിറ്റ് ചെയ്ത വീഡിയോ ആണ് പുറത്ത് വിട്ടത്. പാകിസ്ഥാന്റെ നടപടി ജനീവ കരാറിന്റെ കടുത്ത ലംഘനമെന്നാണ് വിലയിരുത്തൽ.

വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ വാഗാ അതിർത്തിയിൽ ഔദ്യോഗികമായി കൈമാറുന്നതിന് മിനിട്ടുകൾക്ക് മുൻപാണ് പാകിസ്ഥാൻ വീണ്ടും വീഡിയോ പുറത്ത് വിട്ടത്. 1. 24 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ, ഇന്ത്യയ്ക്ക് കൈമാറുന്നതിനു മുമ്പ് അഭിനന്ദൻ പാക് സൈന്യത്തെക്കുറിച്ച് പറയുന്ന വാക്കുകൾ എന്ന പേരിലാണ് പാക് മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും പ്രചരിക്കുന്നത്.

വിമാനം തകർന്ന് പാക്-അധീന കശ്മീരിൽ അകപ്പെട്ട തന്നെ പ്രദേശവാസികളിൽ നിന്നും രക്ഷിച്ചത് പാക് സൈന്യമാണെന്നും, സൈന്യത്തിന്റെ ഭാഗത്തു നിന്നും മാന്യമായ പെരുമാറ്റം ഉണ്ടായതായും വീഡിയോയിൽ പറയുന്നു. എന്നാൽ ഒന്നര മിനിട്ടിൽ താഴെ ദൈർഘ്യമുള്ള വീഡിയോയിൽ 18 ഇടങ്ങളിൽ എഡിറ്റിംഗ് നടന്നുവെന്നത് വ്യക്തമാണ്. പാകിസ്ഥാന്റെ കസ്റ്റഡിയിലായ ഒരാളെക്കൊണ്ട് സൈന്യത്തിന് അനുകൂലമായി സംസാരിപ്പിക്കാൻ പ്രയാസമില്ല. വീഡിയോ പുറത്ത് വിട്ടതോടെ തങ്ങളുടെ കരങ്ങൾ ശുദ്ധമാണെന്ന സന്ദേശം ലോകത്തിന് നൽകാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്.

യുദ്ധ തടവുകാരുടെ ചോദ്യം ചെയ്യൽ പരസ്യമാക്കരുത് എന്നതുൾപ്പെടെ ജനീവ കൺവെൻഷനിലെ ചട്ടങ്ങളുടെ കടുത്ത ലംഘനമാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് വ്യക്തം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വ്യോമസേന വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ പരിക്കേറ്റ അഭിനന്ദന്റെ വീഡിയോ പുറത്തുവിട്ട പാക് നടപടിക്കെതിരെ കടുത്ത പ്രതിഷേധം നിലനിൽക്കെയാണ് വീണ്ടും പാകിസ്ഥാന്റെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *