യുവതലമുറയ്ക്ക് പ്രതികരിക്കാനും പ്രതിഷേധിക്കാനും  ആര്‍ജ്ജവമുണ്ടാകണം  – കെ. ജയകുമാര്‍ 

യുവതലമുറയ്ക്ക് പ്രതികരിക്കാനും പ്രതിഷേധിക്കാനും 
ആര്‍ജ്ജവമുണ്ടാകണം  – കെ. ജയകുമാര്‍ 
യുവതലമുറയ്ക്ക് പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള ആര്‍ജ്ജവമുണ്ടാകണമെന്ന് ഐ.എം.ജി ഡയറക്ടര്‍
കെ. ജയകുമാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായിനവോത്ഥാനവും നവകേരളവും എന്ന വിഷയത്തിലുള്ള സെമിനാര്‍  സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ ഉച്ചനീചത്വം ഉയര്‍ന്നു വരാതിരിക്കുവാന്‍ ജാഗ്രത പുലര്‍ത്തണം. മനുഷ്യരെ വിഘടിപ്പിക്കുന്ന ആശയങ്ങളും ദുരാചാരങ്ങളും തള്ളിക്കളയുകയും  സമത്വവും സാഹോദര്യവും ഊട്ടിയുറപ്പിക്കുകയും ചെയ്ത പാരമ്പര്യമാണ് കേരളത്തിന്റേത്. ഈ പാരമ്പര്യം നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം യുവതലമുറയ്ക്കുണ്ട്. മാനവികതയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഭാവി പൗരന്‍മാര്‍ക്ക് കഴിയണം-അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നവോത്ഥാനം തുടര്‍ പ്രക്രിയയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫസര്‍ സുജ സൂസന്‍ ജോര്‍ജ് പറഞ്ഞു.
 കേരളഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫസര്‍ വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സര്‍വ്വ വിജ്ഞാനകോശം ഡയറക്ടര്‍ എ. ആര്‍ രാജന്‍, ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ സി. അശോകന്‍ തുടങ്ങിയര്‍ പങ്കെടുത്തു.
1000 ദിനാഘോഷം സംസ്ഥാനതല സമാപനം 
നാളെ (ഫെബ്രുവരി 27)
** സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ സംസ്ഥാനതല ആഘോഷ പരിപാടികള്‍ക്ക് നാളെ സമാപനം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 4.30 ന് നടക്കുന്ന സമാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും.
1000 ദിനാഘോഷത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉത്പന്ന – പ്രദര്‍ശന വിപണന മേളയും നാളെ സമാപിക്കും. ആയിരക്കണക്കിന് ആളുകളാണ് കഴിഞ്ഞ 19ന് ആരംഭിച്ച മേള സന്ദര്‍ശിക്കാനെത്തുന്നത്. സര്‍ക്കാര്‍ അധികാരമേറ്റ് 1000 ദിവസങ്ങള്‍ക്കിടെ വിവിധ വകുപ്പുകള്‍ കൈവരിച്ച വികസന നേട്ടങ്ങളുടെ പ്രദര്‍ശനവും കരകൗശല ഉല്പന്നങ്ങളുടെ വിപണനവുമാണ് 120 ഓളം സ്റ്റാളുകളിലായി സജ്ജീകരിച്ചിരിക്കുന്നത്.
നവകേരള നിര്‍മിതിക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ്, ആര്‍ദ്രം എന്നീ മിഷനുകള്‍ ആധാരമാക്കിയും ‘നവോത്ഥാനം’ എന്നീ വിഷയത്തിലും സെമിനാറുകളും സംഘടിപ്പിച്ചു.
നാളെ (ഫെബ്രുവരി 27) വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ബാലന്‍, എ.സി. മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരാകും.
സമാപന സമ്മേളനത്തിനു മുന്നോടിയായി വൈകിട്ട് 3.30 മുതല്‍ പുഷ്പവതിയും സംഘവും അവതരിപ്പിക്കുന്ന ദ്രാവിഡ ബാന്‍ഡ് അരങ്ങേറും. സമാപന സമ്മേളനത്തിനു ശേഷം ആയിരം യുവ കലാകാരന്മാര്‍ അണിനിരക്കുന്ന സമഭാവന എന്ന സാംസ്‌കാരികോത്സവവും നടക്കും.
ആയിരം ദിനം; ചെറുകിട വ്യവസായികള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍
സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രം ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ അനുവദിച്ചു.  വായ്പകളുടെ മാര്‍ജിന്‍ മണി കുടിശിക ഈ മാസം 20 മുതല്‍ ഏപ്രില്‍ 30 നുള്ളില്‍ അടച്ചു തീര്‍ക്കുന്നവര്‍ക്ക് പൂര്‍ണമായും പിഴപ്പലിശ പദ്ധതിയുടെ ഭാഗമായി ഒഴിവാക്കും.  കൂടാതെ വായ്പകളുടെ മാര്‍ജിന്‍ മണി കുടിശിക ഏപ്രില്‍ 30 നകം ഒറ്റത്തവണയായി അടച്ചു തീര്‍ക്കുന്നവര്‍ക്ക് മാര്‍ജിന്‍ മണിയുടെ സാധാരണ പലിശയുടെ 50 ശതമാനം തുക ഇളവ് അനുവദിക്കും.  ആനുകൂല്യങ്ങള്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരേയോ താലൂക്ക് വ്യവസായ ഓഫീസറേയോ സമീപിക്കണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2326756, tvmdic@gmail.com
മാധ്യമശില്‍പശാല നാളെ (ഫെബ്രുവരി 27)
ഭക്ഷ്യപൊതുവിതരണ രംഗത്ത് സമീപകാലത്തുണ്ടായ ഗുണകരമായ മാറ്റങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരെ അറിയിക്കുവാനും വകുപ്പ് നടപ്പാക്കുന്ന ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ക്രിയാത്മക നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമായി തിരുവനന്തപുരം പ്രസ്‌ക്ലബില്‍ മാധ്യമ ശില്‍പശാല നാളെ (ഫെബ്രുവരി 27) നടക്കും.  രാവിലെ 10 ന് നടക്കുന്ന ശില്‍പശാല ഭക്ഷ്യ-പൊതുവിതരണവകുപ്പു മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും.  വകുപ്പിന്റെ കൈപുസ്തകമായ ‘ഭദ്രതയും’ ഉപഭോക്തൃകാര്യ വകുപ്പിന്റെ ദ്വൈമാസികയായ ‘ഉപഭോക്തൃകേരളവും’ ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്യും.
ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷയാകുന്ന ചടങ്ങില്‍ വകുപ്പ് ഡയറക്ടര്‍ നരസിഹുഗാരി റ്റി.എന്‍. റെഡ്ഡി, ഭക്ഷ്യ പൊതുവിതരണ കമ്മിഷണര്‍ സി.എ. ലത, ജില്ലാ സപ്ലൈ ഓഫീസര്‍ ജലജ ജി.എസ്. റാണി തുടങ്ങിയവരും സംബന്ധിക്കും.
ഭക്ഷ്യവസ്തുക്കളിലെ മായം തിരിച്ചറിയാം…
സൗജന്യമായി
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ  നേതൃത്വത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സജ്ജീകരിച്ചിരിക്കുന്ന മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബ് ഏറെ ഉപകാരപ്രദമാണ്.  ഭക്ഷ്യവസ്തുക്കള്‍ ഏതായാലും ഇവിടെയെത്തിച്ചാല്‍ സൗജന്യമായി പരിശോധന നടത്താം.  കുടിവെള്ളം, പാല്‍, എണ്ണ, മീന്‍ തുടങ്ങിവയിലയടങ്ങിയിരിക്കുന്ന മായം കണ്ടെത്താനും ഇവ സംബന്ധിച്ച ബോധവല്‍ക്കരണവും ഇവിടെ നിന്ന് ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ചാണ് ഈ സേവനം വകുപ്പ് ലഭ്യമാക്കിയിരിക്കുന്നത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉപകരണങ്ങളുപയോഗിച്ചാണ് ഭക്ഷ്യവസ്തുക്കളിലെ മായം പരിശോധിക്കുന്നത്. പരിശോധനാ  ഫലം ഉടന്‍ ലഭിക്കുന്നുവെന്നതും പ്രത്യേകതയാണ്. കൂടാതെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ  സ്റ്റാളില്‍ സുരക്ഷിതമായ  ഭക്ഷണശീലങ്ങളെ സംബന്ധിച്ച പ്രദര്‍ശനവും ബോധവല്‍ക്കരണവും ഒരുക്കിയിട്ടുണ്ട്. പുതുതായി ഭക്ഷ്യ വിപണന ശാലകള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങളും സ്റ്റാളില്‍ ലഭിക്കും.
ശാസ്ത്രവും ഗണിതവും ഈസിയാണ്
ശാസ്ത്ര-ഗണിത നിയമങ്ങള്‍ ലളിതമായി പഠിക്കാന്‍ അവസരം. കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാവുന്ന വിധം മാതൃകകള്‍ നിര്‍മ്മിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് വേറിട്ട കാഴ്ച്ച ഒരുക്കുകയാണ്. സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രദര്‍ശന സ്റ്റാള്‍ ഒരുക്കിയിരിക്കുകയാണ് പൊതുവിദ്യാഭ്യാസവകുപ്പ്.
കുട്ടികള്‍ക്ക് ജിജ്ഞാസയും കൗതുകവും ഉണര്‍ത്തുന്നവിധം സയന്‍സ് പാര്‍ക്ക് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നു. വിശദമായി പറഞ്ഞുതരാന്‍ സന്നദ്ധരായി അധ്യാപകരുമുണ്ട്. കൂടാതെ വിവിധ ബി.ആര്‍.സികളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വരച്ച നവോത്ഥാന ചിത്രങ്ങളും സ്റ്റാളിന്റെ മാറ്റുകൂട്ടുന്നു. വില്ലുവണ്ടി യാത്ര, മുന്തിരിക്കിണര്‍, അയ്യങ്കാളിയും പഞ്ചമിയും, അരുവിപ്പുറം പ്രതിഷ്ഠ, മേല്‍മുണ്ട് സമരം എന്നിവയുടെ ചിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് അറിവും പകരും.  വിദ്യാഭ്യാസ വകുപ്പ് കൈവരിച്ച മികച്ച നേട്ടങ്ങളുടെ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്.

ഗ്രീന്‍ മില്‍ക്കിനെ അറിയാന്‍ അവസരം

ഗ്രീന്‍ മില്‍ക്കിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ അറിയാനൊരു അവസരമിതാ… സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍  ജില്ലാ പഞ്ചായത്ത് ഒരുക്കിയ പ്രദര്‍ശന സ്റ്റാളിലാണ് ഗ്രീന്‍ മില്‍ക്ക് വിപണി. പരിശുദ്ധമായ പാല്‍ എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേരിട്ട് വിതരണം ചെയ്യുന്ന പാലാണ് ഗ്രീന്‍ മില്‍ക്ക്. വിതുര ചെറ്റച്ചല്‍ ജഴ്സി ഫാമിലെ 232 പശുക്കളില്‍ നിന്നും ലഭിക്കുന്ന പാല്‍ ശീതീകരിച്ച് പാക്ക് ചെയ്താണ് വിപണിയിലെത്തിക്കുന്നത്. യാതൊരുവിധ മായങ്ങളുമില്ലാത്ത ഗുണമേന്മയേറിയ ഈ പാലിന് ആവശ്യക്കാര്‍ ഏറെയാണ്. ഒരുകവര്‍ പാലിന് 23 രൂപയാണ് വില.
ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികളെക്കുറിച്ചറിയാനും ഇവിടെ അവസരമുണ്ട്. പാഥേയം, സ്‌നേഹധാര, മാനസ, വഴിയമ്പലം, ഗ്രന്ഥപുര തുടങ്ങിയ പദ്ധതികളുടെ ചിത്രങ്ങളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ ഹൈസ്‌കൂളുകളിലും ആകര്‍ഷകവും ആധുനികസൗകര്യങ്ങളോട് കൂടിയതുമായ ഗേള്‍സ് അമിനിറ്റി സെന്ററുകള്‍ സ്ഥാപിക്കുന്ന പദ്ധതിയാണ് മാനസ. അശരണര്‍ക്ക് ഒരു നേരത്തെ ഭക്ഷണം എത്തിക്കുന്ന പാഥേയം പദ്ധതി, ഗ്രന്ഥശാലകളുടെ വിപുലീകരണം ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഗ്രന്ഥപുര പദ്ധതി എന്നിവയുടെ ചിത്രങ്ങളും കാണാം. പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകമായി വീഡിയോ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
ലൈഫ് : അരലക്ഷം കുടുംബങ്ങള്‍ക്ക്
വീടെന്ന  സ്വപ്നം യാഥാര്‍ത്ഥ്യമായി
സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ ലൈഫ് മിഷനിലൂടെ ആരലക്ഷത്തോളം പേര്‍ക്കാണ് സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായത്.
സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കി യിരിക്കുന്ന ലൈഫ് മിഷന്‍ സ്റ്റാളില്‍ പദ്ധതിയുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഗഡു വിതരണം മുതല്‍ താക്കോല്‍ദാനം വരെയുള്ള ഓരോ ഘട്ടങ്ങളുടെയും ചിത്രപ്രദര്‍ശനവും പൂര്‍ത്തീകരിച്ച പാര്‍പ്പിട സമുച്ചയങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ഇവിടെത്തുന്നവര്‍ക്ക് കാണാനാകും.
ലൈഫ് രണ്ടാംഘട്ടത്തില്‍ ഒരുലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും. മൂന്നാംഘട്ടത്തില്‍ ഭൂരഹിത ഭവന രഹിതര്‍ക്കുള്ള പാര്‍പ്പിടസമുച്ചയങ്ങള്‍ നിര്‍മ്മിച്ചുനല്‍കും. തിരുവനന്തപുരം ജില്ലയിലെ  നെടുമങ്ങാട് മുനിസിപ്പാലിറ്റിയില്‍ 338 സെന്റ് ഭൂമിയിലാണ് പാര്‍പ്പിടസമുച്ചയങ്ങള്‍ ഉയരുന്നത്.   വിവിധ ജില്ലകളിലായി ലൈഫ് പദ്ധതിയിലൂടെ വിതരണം ചെയ്ത ധനസഹായത്തെ കുറിച്ചും ധന സ്രോതസുകളെ കുറിച്ചുമുള്ള കണക്കുകളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഉദ്ഘാടനം
ഇന്ന് (ഫെബ്രുവരി 26)

കാട്ടാക്കട മണ്ഡലത്തില്‍ നടപ്പാക്കിവരുന്ന ‘ജലസമൃദ്ധി’ പദ്ധതിയുടെ ഭാഗമായ ആമച്ചല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഇന്ന് (ഫെബ്രുവരി 26) വൈകിട്ട് അഞ്ച് മണിക്കു നടക്കും. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. ആമച്ചല്‍ ഏലായില്‍ നെല്‍കൃഷിയുടെ പുനരുജ്ജീവനത്തിനായി നെയ്യാറില്‍ നിന്നും ജലമെത്തിക്കുന്ന പദ്ധതിയാണിത്. 93 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്.
ഐ.ബി സതീഷ് എം.എല്‍.എ, ഡോ. എ. സമ്പത്ത് എം.പി, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിതകുമാരി, കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അജിത, ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ, ഭൂവിനിയോഗ കമ്മീഷണര്‍ എ. നിസാമുദ്ദീന്‍, പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
നാടൻപാട്ടും ചൊൽക്കാഴ്ചയും ആസ്വദിക്കാം
 
നാടൻപാട്ട് ഇഷ്ടപ്പെടുന്നവർക്കായി സെൻട്രൽ സ്റ്റേഡിയത്തിൽ (ഫെബ്രുവരി 26) വേദിയൊരുങ്ങും. സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പ്രദർശന വിപണനമേളയോടനുബന്ധിച്ചാണ് ജയചന്ദ്രൻ കടമ്പനാടും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടും ചൊൽക്കാഴ്ചയും അരങ്ങേറുന്നത്. പഴമയും പുതുമയും കോർത്തിണക്കിയ സംഗീത സന്ധ്യയാണ് സംഘം അവതരിപ്പിക്കുന്നത്. വൈകിട്ട് 6.30നാണ് പരിപാടി.
ആരോഗ്യ മേഖലയിലെ പുതിയ ചുവടുവെയ്പ്പുകൾ പരിചയപ്പെടുത്തി വിവിധ വിഷയങ്ങളിൽ സെമിനാറും പരിപാടിയുടെ ഭാഗമായി നടക്കും. വൈകിട്ട് മൂന്നു മണി മുതൽ അഞ്ചുവരെയാണ് സെമിനാർ. ആസൂത്രണ ബോർഡംഗം ഡോ. ബി. ഇക്ബാൽ സെമിനാർ ഉദ്ഘാടനം ചെയ്യും. ആരോഗ്യ രംഗത്തെ പ്രമുഖർ സെമിനാറിൽ വിഷയാവതരണം നടത്തും.
 
ജില്ലാതല പരിശീലനം
 
ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിലുള്ള ഹരിത-നിയമ ബോധവത്കരണ ക്യാമ്പയിന്റെ ജില്ലാതല പരിശീലനം ഇന്ന് (ഫെബ്രുവരി 26) നടക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ പത്തിന് നടക്കുന്ന പരിപാടി നവകേരളം കർമ്മപദ്ധതി സംസ്ഥാന കോ-ഓഡിനേറ്റർ ചെറിയാൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ഹരിത ചട്ടവുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളെക്കുറിച്ച് പ്രഗത്ഭർ ക്ലാസെടുക്കും. സബ് കളക്ടർ കെ. ഇമ്പശേഖർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ് ബിജു, ഹരിതകേരളം ജില്ലാ കോ-ഓഡിനേറ്റർ ഡി. ഹുമയൂൺ, ജനപ്രതിനിധികൾ,      ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *