പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്കാനുള്ള നീക്കം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളത്തോടു കൂടി അവധി അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. അവധി അനുവദിച്ച് ശമ്പളം നല്കാനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ സമരം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് എന്ന് കോടതി രൂക്ഷമായി വിമര്‍ശിച്ചു.

ജനുവരി എട്ട് ഒന്‍പത് തീയ്യതികളില്‍ ദേശീയപണിമുടക്കിന്റെ ഭാഗമായി കേരളത്തില്‍ നടന്ന സമരത്തില്‍ പങ്കാളികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവധിയോടുകൂടി ശമ്പളം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു . സര്‍ക്കാരിന്റെ ഈ തീരുമാനം റദ്ദാക്കി കൊണ്ട് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. പണിമുടക്ക് ദിവസം ഓഫീസുകളില്‍ ഹാജരാകാതിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അദ്ധ്യാപകര്‍ക്കും ലീവ് അനുവദിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. അര്‍ഹരായവര്‍ക്ക് മാത്രം അവധി അനുവദിക്കണമെന്ന് സര്‍ക്കാര്‍ വാദത്തെയും കോടതി നിരാകരിച്ചു. സമരം നടത്തുന്നവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും കോടതി വിമര്‍ശിച്ചു.

സര്‍ക്കാരിന്റെ ഈ തീരുമാനത്തെ ചോദ്യം ചെയ്ത് ആലപ്പുഴ സ്വദേശി ജി.ബാലഗോപാല്‍ ആണ് ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. അഭിഭാഷകനായ വി.സജിത്കുമാറാണ് കോടതിയില്‍ ഹാജരായത്.

വിശദമായ വാദത്തിന് ഹര്‍ജി മാറ്റി വെച്ചു. ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പിക്കുന്നത് വരെ ശമ്പളം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം മരവിപ്പിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *