റഫാൽ ഇടപാട് അട്ടിമറിക്കാൻ കോൺഗ്രസ് പരമാവധി ശ്രമിക്കുകയായിരുന്നെന്ന്  പ്രധാനമന്ത്രി

ന്യൂഡല്‍ഹി: യുപിഎ ഭരണകാലത്ത് റഫാൽ ഇടപാട് അട്ടിമറിക്കാൻ കോൺഗ്രസ് പരമാവധി ശ്രമിക്കുകയായിരുന്നെന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദി.  അതിനാണ് കരാർ ഒപ്പിടുന്നതിന് വ്യവസ്ഥകളിൽ തർക്കം ഉണ്ടാക്കി നീട്ടിക്കൊണ്ടുപോയത്. കോൺഗ്രസ് ജവാൻമാരുടെ ജീവൻ കൊണ്ട് കളിക്കുകയായിരുന്നെന്നും മോദി പറഞ്ഞു. ദേശീയ യുദ്ധസ്മാരകത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ യുദ്ധസ്മാരകം നിർമ്മിക്കാനുള്ള പദ്ധതി തുടങ്ങിയത് അടൽ ബിഹാരി വാജ്പേയിയുടെ കാലത്താണെന്ന് പറഞ്ഞ മോദി, പിന്നീട് യുപിഎ അധികാരത്തിൽ വന്നപ്പോൾ കാര്യങ്ങൾ അനങ്ങാതായെന്ന് പരിഹസിച്ചു. പിന്നീട് 2014-ലാണ് യുദ്ധസ്മാരകപദ്ധതിക്ക് ജീവൻ വച്ചത്. സൈന്യത്തിൽ സ്ത്രീകൾക്ക് മികച്ച അവസരങ്ങൾ നൽകിയത് തന്‍റെ സർക്കാരാണെന്നും മോദി അവകാശപ്പെട്ടു.

സൈന്യത്തെ ശക്തിപ്പെടുത്താനുള്ള ഒരു അവസരവും താൻ പാഴാക്കിയിട്ടില്ലെന്ന് മോദി അവകാശപ്പെട്ടു. 2009-ൽ 1,86,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ സൈന്യം ആവശ്യപ്പെട്ടതാണ്. അന്നത്തെ സർക്കാർ അത് നൽകിയില്ല. പിന്നീട് നാലരവർഷം കൊണ്ട് തന്‍റെ സർക്കാർ 2,30,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങി നൽകി. എല്ലാ ഇടപാടുകളും അതിലെ വിവാദങ്ങളും നീളുന്നത് ഒരു കുടുംബത്തിലേക്കാണെന്ന് പരിഹസിച്ച മോദി, കുടുംബത്തിനാണോ രാജ്യത്തിനാണോ പ്രഥമപരിഗണനയെന്ന് അവർ തീരുമാനിക്കട്ടെ എന്നാണ് പറഞ്ഞത്. മോദിയെ ഓർമ്മിച്ചാലും ഇല്ലെങ്കിലും വീരമൃത്യു വരിച്ച ജവാൻമാരുടെ സ്മരണ എന്നും നിലനിൽക്കണം. ഏതു തടസ്സത്തിനെതിരെയും പോരാടാൻ താൻ തയ്യാറെന്നും മോദി വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *