പെരിയ അന്വേഷണച്ചുമതല ഐ.ജി ശ്രീജിത്തിന് കൈമാറിയത് അംഗീകരിക്കില്ല: കെ.പി.സി.സി പ്രസിഡന്റ്

കൊച്ചി: പെരിയയിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കുന്നത് കാസർകോട് ഡി.സി.സി നിരുത്സാഹപ്പെടുത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും കേസിന്റെ അന്വേഷണം ഇപ്പോൾ ശരിയായ ദിശയിലല്ലെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സി.പി.എം സെക്രട്ടറിയല്ല, മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. അദ്ദേഹം സന്ദർശനത്തിനെത്തിയാൽ തടയരുതെന്ന്‌ ഡി.സി.സിക്ക് നിർദ്ദേശം നൽകിയിരുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽപറഞ്ഞു.

അന്വേഷണച്ചുമതല ഐ.ജി ശ്രീജിത്തിന് കൈമാറിയത് അംഗീകരിക്കില്ല. വരാപ്പുഴ കസ്റ്റഡിമരണക്കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്. ക്രൈംബ്രാഞ്ച് എസ്.പി മുഹമ്മദ്ദ് റഫീഖിനും അന്വേഷണച്ചുമതല നൽകിയിട്ടുണ്ട്. കോട്ടയത്തെ കെവിൻ കൊലക്കേസിൽ ആരോപണ വിധേയനാണ് മുഹമ്മദ്ദ് റഫീഖ്. ഈ രണ്ട് ഉദ്യോഗസ്ഥരിൽ നിന്ന് നീതി ലഭിക്കുമെന്ന് കോൺഗ്രസിനോ കൊല്ലപ്പെട്ടവരുടെ കുടുബത്തിനോ വിശ്വാസമില്ലെന്നും അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ഉദുമ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ വീടിന്‌ നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തണം. എൻ.എസ്.എസ് മാർക്‌സിസ്റ്റ് പാർട്ടിയുടെ പോഷക സംഘടനയല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ ഓർക്കണം. മാടമ്പിമാർ കൊന്നുതള്ളിയ കീഴാളരുടെ കഥ മലയാളികൾക്ക് അറിയാം. അതിന്റെ തനിയാവർത്തനമാണ് കേരളത്തിലെ സി.പി.എം മാടമ്പിമാർ നടത്തുന്നത്. ഇവർ കൊന്നുതള്ളിയവരിൽ ഏറെയും പിന്നാക്ക ജാതിയിലും ന്യൂനപക്ഷ വിഭാഗങ്ങളിലും പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *