എച്ച്1 എന്‍1 ബാധ: പെരിയ നവോദയ വിദ്യാലയത്തില്‍ സ്ഥിതി പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായെന്നു കളക്ടര്‍

കാസര്‍കോട്: പെരിയ നവോദയ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാരിക്കും ഉള്‍പ്പെടെ എച്ച്1 എന്‍1 ബാധയുണ്ടായതായി സ്ഥിരീകരിച്ചതോടെ നടപടികള്‍ ഊര്‍ജ്ജിതമാക്കി. സ്ഥിതി പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായെന്നും  പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു പറഞ്ഞു.വിദ്യാലയത്തിലെ രക്ഷിതാക്കളുടെ യോഗം ഇന്ന് ഉച്ചക്ക് കാഞ്ഞങ്ങാട് താലൂക്ക് ഓഫീസില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രോഗം ബാധിച്ച രണ്ടു കുട്ടികള്‍ക്ക് ഗുരുതരമായിരുന്നു. ഇവര്‍ ഇപ്പോഴും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ മറ്റു കുട്ടികള്‍ക്കൊന്നും നില ഗുരുതരമല്ലെന്നും ഡോക്ടര്‍മാര്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയതായും കളക്ടര്‍ പറഞ്ഞു.

മറ്റുള്ളവര്‍ക്ക് വിദ്യാലയത്തില്‍ തന്നെ സൗകര്യമൊരുക്കി ചികിത്സ നല്‍കിവരികയാണ്. സ്‌കൂളിലെ 72 ഓളം കുട്ടികള്‍ക്ക് പനി പിടിപെട്ടിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും രോഗലക്ഷണമുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കുട്ടികളെ പരിശോധിച്ച ഡോ. നിധീഷ് പറഞ്ഞു.

അഞ്ചു പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ ഗുരുതരമല്ലെങ്കിലും കുട്ടികളില്‍ കുറച്ചുപേര്‍ക്കു കൂടി രോഗബാധയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പായി കഴിയുന്നതിനാല്‍ അതില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ മറ്റുള്ള എല്ലാവര്‍ക്കും രോഗം പിടികൂടുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. 520 കുട്ടികളും 200 ഓളം ജീവനക്കാരും ആണ് നവോദയ സ്‌കൂളിലുള്ളത്. കുട്ടികളെ അവരുടെ വീടുകളിലേക്ക് തിരിച്ചയക്കാതെയാണ് ചികിത്സ നടത്തുന്നത്. തല്‍ക്കാലം വീട്ടിലേക്ക് വിടേണ്ടെന്നും സ്‌കൂള്‍ ഹോസ്റ്റലില്‍ തന്നെ നിര്‍ത്തി ചികിത്സ തുടര്‍ന്നാല്‍ മതിയെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *