സംഘടനാ പ്രവര്‍ത്തനം കൊണ്ടുമാത്രം നേട്ടമുണ്ടാക്കാനാകില്ലെന്ന് അമിത് ഷാ

പാലക്കാട്: സംഘടനാ പ്രവര്‍ത്തനം കൊണ്ടുമാത്രം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനാകില്ലെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെ പാര്‍ട്ടി നേതാക്കളെ ഉപദേശിച്ചു.
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ അമിത് ഷാ, പാര്‍ട്ടി പാലക്കാട് ലോക്‌സഭാ മണ്ഡലം ചുമതലക്കാര്‍, കണ്‍വീനര്‍മാര്‍, ജില്ലാ പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗത്തിലാണ് തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ഫോര്‍മുല പങ്കുവച്ചത്.
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിജയിക്കാന്‍ ബി.ജെ.പിക്ക് കിട്ടിയ വോട്ട് നിലനിറുത്തിയാല്‍ മതി. കേരളത്തില്‍ അതുപോരാ. ഓരോ മണ്ഡലത്തിലും ഒന്നര ലക്ഷം വോട്ട് അധികമായി പിടിക്കണം. നന്നായി പ്രവര്‍ത്തിച്ചാല്‍ കേരളത്തില്‍ മൂന്നൂനാല് മണ്ഡലങ്ങളിലെങ്കിലും ജയിച്ചുകയറാം. അതിന് സാധാരണ ഗതിയിലുള്ള സംഘടനാ പ്രവര്‍ത്തനം മാത്രം പോരാ. പ്രത്യേകം തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അമിത് ഷാ നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍: മത്സ്യത്തൊഴിലാളികള്‍ കാര്യമായി സാന്നിദ്ധ്യമുള്ള മണ്ഡലങ്ങളില്‍ ജാതി, മത, രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായി അവര്‍ക്കുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ മുന്‍നിറുത്തി പുതുതായി 25,000 വോട്ടെങ്കിലും പിടിക്കണം. കേന്ദ്രത്തില്‍ ഇതുവരെ ഫിഷറീസിനായി പ്രത്യേകം വകുപ്പുണ്ടായിരുന്നില്ല. കൃഷി വകുപ്പിന്റെ ഭാഗമായിരുന്നു ഫിഷറീസും. ഇതുവരെ കേന്ദ്രം ഭരിച്ചിരുന്നവരൊന്നും ചെയ്യാത്ത കാര്യം നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കി.
മത്സ്യത്തൊഴിലാളികളുടെ കാലങ്ങളായുള്ള ആവശ്യങ്ങളിലൊന്നാണിത്. ഇവരുടെ വോട്ട് ബി.ജെ.പിക്ക് കിട്ടാനായി ഓരോ മണ്ഡലത്തിലോ സംസ്ഥാന തലത്തിലോ പ്രത്യേകം തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണം.
കാര്‍ഷിക മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളാണ് മറ്രൊന്ന്. അഞ്ച് ഏക്കറില്‍ താഴെയുള്ള കര്‍ഷകര്‍ക്കെല്ലാം 6,000 രൂപയാണ് പ്രതിവര്‍ഷം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. ഇതിന്റെ ഗുണഭോക്താക്കളെ കണ്ടുപിടിക്കാനും അവരെ സഹായിക്കാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ തയാറാവണം.
ഇങ്ങനെ ഓരോ മണ്ഡലത്തിലും പ്രത്യേകം ജനവിഭാഗങ്ങളെ ആകര്‍ഷിക്കാനായി പത്ത് പരിപാടികളെങ്കിലും തയാറാക്കുകയും അതിന്റെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്ന കാര്യകര്‍ത്താക്കളെ സജ്ജമാക്കുകയും ചെയ്താല്‍ വിജയം ഉറപ്പാണ്.
ആലത്തൂര്‍, പാലക്കാട് മണ്ഡലങ്ങളിലെ പേജ് പ്രമുഖന്മാര്‍, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ ശക്തികേന്ദ്ര ചുമതലക്കാര്‍ എന്നിവരുടെ യോഗത്തിലും അമിത് ഷാ കഴിഞ്ഞ ദിവസം പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *