ലോക പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല നാളെ

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ അവസാന വട്ട ഒരുക്കത്തിലാണ് അനന്തപുരി. ഉത്സവത്തോടനുബന്ധിച്ച് ദിനംപ്രതി ക്ഷേത്രത്തില്‍ തിരക്ക് വര്‍ദ്ധിക്കുകയാണ്. നാളെയാണ് ലോക പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല.

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാനുള്ള ഭക്തരുടെ കാത്തിരിപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. പൊങ്കാലയര്‍പ്പണത്തിനായി പ്രാര്‍ത്ഥനാപൂര്‍വം കാത്തിരിക്കയാണ് ലക്ഷക്കണക്കിന് ഭക്തര്‍. 10 നാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ ഏറെ പ്രാധാന്യം ആറ്റുകാല്‍ പൊങ്കാലക്ക് തന്നെയാണ്. പതിവ് പൂജകള്‍ക്ക് ശേഷം രാവിലെ 9.45ന് ശുദ്ധ പുണ്യാഹം, തുടര്‍ന്ന് തന്ത്രി തെക്കടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തിയ്ക്ക് കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ച ശേഷം സഹ മേല്‍ശാന്തി വലിയ തിടപ്പള്ളിയിലെയും ക്ഷേത്രത്തിന് മുന്‍വശത്തെയും പണ്ടാര അടുപ്പുകളില്‍ തീ പകരും. തുടര്‍ന്ന് ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളില്‍ ദീപം പകരും. ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടിയ ആറ്റുകാല്‍ പൊങ്കാലയെ വരവേല്‍ക്കാന്‍ ആബാലവൃദ്ധം ജനങ്ങള്‍ കൈമെയ് മറന്ന് ഒരുങ്ങിക്കഴിഞ്ഞു.

ഇത്തവണ മുന്‍ ഗിന്നസ് റിക്കോഡായ 25 ലക്ഷം തിരുത്തി കുറിക്കുമെന്ന കണക്കുകൂട്ടലിലാണ് ക്ഷേത്ര ഭാര വാഹികള്‍. 40 ലക്ഷം പേരെങ്കിലും പൊങ്കാലയര്‍പ്പിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാടും നഗരവുമെല്ലാം ദീപാലങ്കൃതമാണ്. പതിവു പോലെ തലസ്ഥാനനഗരത്തിന്റെ വഴിയോരങ്ങള്‍ പൊങ്കാലയുടെ തിരക്കിലാണ്.

Leave a Reply

Your email address will not be published. Required fields are marked *