ചോറ്റാനിക്കര മകം തൊഴൽ ഇന്ന്

കൊച്ചി: പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ ഇന്ന്. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഏഴാം നാളിലാണ് മകം തൊഴൽ. സർവ്വാഭരണ വിഭൂഷിതയായ ചോറ്റാനിക്കര അമ്മയെ ഒരുനോക്കുകണ്ട് പുണ്യം നേടാൻ പതിനായിരക്കണക്കിന് സ്ത്രീകളാണ് കുംഭ മാസത്തിലെ മകം നാളിൽ ചോറ്റാനിക്കരയിൽ എത്തുക. മകം തൊഴലിന് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും കൊച്ചിൻ ദേവസ്വം ബോർഡും,ക്ഷേത്ര ഉപദേശക സമിതിയും ഏർപ്പെടുത്തിയിട്ടുള്ളത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് മകം തൊഴാനായി ശ്രീകോവിൽ നട തുറക്കും.

സർവാഭരണ വിഭൂഷിതയായി വരദാഭയമുദ്രകളോടെയുള്ള ചോറ്റാനിക്കര അമ്മയെ ദർശിച്ചുപ്രാർത്ഥിച്ചാൽ മംഗല്യ സൗഭാഗ്യവും,നെടുമംഗല്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മകം തൊഴലിനായി ശ്രീകോവിൽ തുറക്കുന്നത്. രാത്രി എട്ടരവരെ മകം തൊഴാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മകം തൊഴലിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.

മകം തൊഴലിനായി ക്ഷേത്രത്തിൽ പ്രവേശിക്കാൻ സ്ത്രീകൾക്കും, പുരുഷന്മാർക്കും പ്രത്യേക ക്യൂവും, വെയിൽ കൊള്ളാതിരിക്കാൻ വിരിപ്പന്തലും ഒരുക്കിയിട്ടുണ്ട്.ഭക്തർക്ക് ലഘുഭക്ഷണവും നൽകും. മോഷണം തടയാൻ ക്ളോസഡ് സർക്യൂട്ട് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഈവർഷത്തെ മകം തൊഴലിന് ഒരു ലക്ഷത്തിലധികം ഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്ന് കൊച്ചി ദേവസ്വം ബോർഡ് പ്രസിഡന്റ് എ ബി മോഹനൻ പറഞ്ഞു.

ദേവിക്ക് കാണിക്കയിടലും, പറ സമർപ്പിക്കലുമാണ് മകം ദിവസത്തെ പ്രധാന വഴിപാട്. സാധാരണ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി മകം, കാർത്തിക, വിഷു വിശേഷ ദിവസങ്ങളിൽ തങ്ക ഗോളക ദേവിയുടെ വലതുകൈയിലാണ്. വലതുകൈകൊണ്ട് അനുഗ്രഹം ലഭിച്ചാൽ അഭീഷ്ട ഫലസിദ്ധി ലഭിക്കുമെന്നും വിശ്വാസം. ത്രിഗുണാത്മികയായി ആരാധിക്കപ്പെടുന്ന ദേവി ലക്ഷ്മീ നാരായണ രൂപത്തിൽ ഇവിടെ വാണരുളുന്നു.

Leave a Reply

Your email address will not be published. Required fields are marked *