ഹര്‍ത്താല്‍:വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നു

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലില്‍ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നു. എറണാകുളം കെപിസിസി ജംക്ഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. സ്വകാര്യ ബസിനു നേരേയുണ്ടായ കല്ലേറില്‍ ഒരു പ്രവര്‍ത്തകന് പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു പ്രവര്‍ത്തകരെ പൊലീസെത്തി നീക്കം ചെയ്തു. മലപ്പുറം ജില്ലയില്‍ ഹര്‍ത്താല്‍ രാവിലെ ജനജീവിതത്തെ ബാധിച്ചിരുന്നില്ലെങ്കിലും പത്തോടെ ചില കേന്ദ്രങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. എടക്കര, നിലമ്പൂര്‍ ഭാഗങ്ങളിലാണു വാഹനങ്ങള്‍ തടഞ്ഞത്. ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ തടയുമെന്നാണു സൂചന.

ഇടുക്കി ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പലയിടത്തും വാഹനം തടയുന്നു. കട്ടപ്പനയില്‍ വാഹനം തടയാന്‍ ശ്രമിച്ച 17 പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. ഹര്‍ത്താലില്‍ നിന്നു മൂന്നാറിനെ ഒഴിവാക്കി. അപ്രതീക്ഷിത ഹര്‍ത്താല്‍ വിനോദ സഞ്ചാരികള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടു കണക്കിലെടുത്തുമാണു തീരുമാനം. ബസുകള്‍ക്കു നേരെ അക്രമം ഉണ്ടായതിനെ തുടര്‍ന്നു പാലക്കാട് ഡിപ്പോയില്‍ നിന്നു കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നിര്‍ത്തി. ഊട്ടിയിലേക്കു പോയ തമിഴ്‌നാട് സര്‍ക്കാര്‍ ബസിനും ഊട്ടിയിലേക്കുപോയ കെഎസ്ആര്‍ടിസി ബസിനുനേരെയുമാണ് കല്ലേറുണ്ടായത്. തമിഴ്‌നാട് ബസില്‍ യാത്രചെയ്തിരുന്ന കോയമ്പത്തൂര്‍ സ്വദേശിനിക്കു കല്ലേറില്‍ തലക്കു പരുക്കേറ്റു. ഇവരെ കോയമ്പത്തൂര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലയിടത്തും കടകള്‍ അടപ്പിക്കാന്‍ ശ്രമം നടക്കുന്നു. നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ വഴിതടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *