ഭീകരവാദ ഭീഷണികള്‍ ഒറ്റക്കെട്ടായി നേരിടാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന ഭീകരവാദ ഭീഷണികള്‍ ഒറ്റക്കെട്ടായി നേരിടാന്‍ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.
രാജ്യത്തിന്റെ ഐക്യം കാത്തുസംരക്ഷിക്കുന്നതിന് നിര്‍വ്യാജം പ്രവര്‍ത്തിക്കുന്ന സൈനിക ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യോഗത്തില്‍ പ്രമേയം പാസാക്കി. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ 40 ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവത്തെ യോഗം ശക്തമായി അപലപിച്ചു
പാക്കിസ്ഥാനെ പേരെടുത്തു പരാമര്‍ശിച്ചില്ലെങ്കിലും അതിര്‍ത്തി കടന്നെത്തുന്ന ഭീകരവാദത്തെ അയല്‍രാജ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതായി യോഗം വിലയിരുത്തി. ഈ വെല്ലുവിളികളെ നേരിടാനുള്ള ദൃഢനിശ്ചയത്തില്‍ രാജ്യത്തെ എല്ലാവര്‍ക്കും ഒരൊറ്റ ശബ്ദമായിരിക്കും.
ഭീകരവാദത്തിനെതിരെ പോരാടുന്നതിനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനും സൈനികര്‍ക്കൊപ്പം എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രമേയത്തില്‍ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ജ്യോതിരാദിത്യ സിന്ധ്യ, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, സിപിഐ നേതാവ് ഡി.രാജ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നു സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ച് യോഗത്തില്‍ വിശദീകരിച്ചതായി ആഭ്യന്തര മന്ത്രാലത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭീകരാക്രമണത്തെ തുടര്‍ന്നു ജമ്മു കശ്മീരില്‍ ഉണ്ടായ ആക്രമണങ്ങള്‍ക്കെതിരെയും യോഗത്തില്‍ രാജ്‌നാഥ് സിങ് ശക്തമായി പ്രതികരിച്ചു. രാജ്യത്ത് ഒരുതരത്തിലുള്ള വര്‍ഗീയ കലാപങ്ങളും വച്ചുപൊറുപ്പിക്കില്ലെന്നു അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *