സര്‍ക്കാര്‍ ഗ്യാരന്റിയില്‍ പ്രവാസികള്‍ക്ക് കേരളത്തില്‍ നിക്ഷേപം നടത്താം: മുഖ്യമന്ത്രി

ദുബായ് : പ്രവാസി നിക്ഷേപം കേരളത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്താന്‍ ആകര്‍ഷകമായ നിക്ഷേപ പദ്ധതികളും പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വനിതാ എന്‍.ആര്‍.ഐ സെല്‍ രൂപീകരണം അടക്കമുള്ള കരുതല്‍ നടപടികളും ലോകകേരള സഭ പശ്ചിമേഷ്യന്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഗ്യാരന്റിയില്‍ പ്രവാസികള്‍ക്ക് കേരളത്തില്‍ നിക്ഷേപം നടത്താം. 5ലക്ഷം രൂപയോ അതിന്റെ ഗുണിതങ്ങളോ 5വര്‍ഷം സ്ഥിരനിക്ഷപം നടത്തുന്ന പ്രവാസിക്കോ അവകാശിക്കോ നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത തുക വരുമാനം നല്‍കുന്ന നിക്ഷേപ- ഡിവിഡന്റ് പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

പ്രവാസി നിക്ഷേപം കിഫ്ബി പോലുള്ള സ്ഥാപനങ്ങളില്‍ നിക്ഷേപിച്ച് പലിശ ഡിവിഡന്റായി നല്‍കും. പ്രവാസിക്ഷേമ പെന്‍ഷന്‍ ഡിവിഡന്റില്‍ ലയിപ്പിച്ചുള്ള ധനസഹായവും പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം, എന്‍.ആര്‍.ഐ ടൗണ്‍ഷിപ്പ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, എയര്‍പോര്‍ട്ടുകള്‍, മരുന്ന്- മെഡിക്കല്‍ ഉത്പ്പന്ന നിര്‍മ്മാണം തുടങ്ങിയ വ്യവസായങ്ങള്‍ക്കായി പ്രവാസി നിക്ഷേപ കമ്പനി രൂപീകരിക്കും. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി പഞ്ചായത്തു തലത്തില്‍ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങും. ഇതിനായി എന്‍.ആര്‍.ഐ സഹകരണ സൊസൈറ്റികള്‍ രൂപീകരിക്കും. റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി കണ്‍സ്ട്രക്ഷന്‍ കമ്പനി രൂപീകരിക്കും. മാവേലിക്കരയില്‍ 5ഏക്കറില്‍ ലോകകേരള കേന്ദ്രം സ്ഥാപിക്കും. പശ്ചാത്തലസൗകര്യ വികസനത്തിന് നിക്ഷേപം നടത്തുന്നവര്‍ക്ക് കേന്ദ്രത്തിലെ സേവനങ്ങളില്‍ മുന്‍ഗണന നല്‍കും. കൂടുതല്‍ കേന്ദ്രങ്ങള്‍ ഭാവിയില്‍ തുടങ്ങും. കേരളവും പ്രവാസികളും ഒന്നിച്ചുനിന്നാല്‍ ഒന്നും അസാദ്ധ്യമല്ലെന്ന് നിറഞ്ഞ കൈയടികള്‍ക്കിടയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *