ജമ്മു നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

ജമ്മു : പുല്‍വാമയിലെ ഭീകരാക്രമണത്തിനു പിന്നാലെ പ്രതിഷേധത്തില്‍ പുകഞ്ഞ് കശ്മീര്‍ താഴ്വര. പാക്കിസ്ഥാനു മറുപടി നല്‍കണമെന്നാവശ്യപ്പെട്ടുള്ള പ്രകടനങ്ങള്‍ അക്രമാസക്തമായതിനെത്തുടര്‍ന്ന് ജമ്മു നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കശ്മീര്‍ താഴ്വരയിലൂടെ സൈനികവാഹനവ്യൂഹം കടന്നുപോകുന്നത് തല്‍ക്കാലത്തേക്കു നിര്‍ത്തി. പലയിടത്തും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അവന്തിപ്പുരയില്‍ സൈനികരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയത് ഒറ്റപ്പെട്ട വാഹനമായതിനാല്‍ അത്തരം വാഹനങ്ങളോടുന്നതും സുരക്ഷാസേന കര്‍ശനമായി തടഞ്ഞിരിക്കുകയാണ്. കശ്മീരിന് അകത്തും വിവിധ ജില്ലകളിലേക്കുമുള്ള ഗതാഗതവും ഒരു ദിവസത്തേക്കു നിരോധിച്ചു. ആക്രമണത്തില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം പാക്കിസ്ഥാന്‍ ഹൈകമ്മിഷണര്‍ സൊഹെയ്ല്‍ മഹ്മൂദിനെ വിളിച്ചു വരുത്തി അറിയിച്ചു. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് പ്രതിഷേധം അറിയിച്ചത്.
വര്‍ഗീയ കലാപത്തിലേക്കു നീങ്ങുംവിധം അക്രമം ശക്തമാകുമെന്ന ആശങ്കയില്‍ മുന്‍കരുതലെന്ന നിലയിലാണ് കര്‍ഫ്യൂവെന്ന് ജമ്മു ഡെപ്യൂട്ടി കമ്മിഷണര്‍ രമേഷ് കുമാര്‍ പറഞ്ഞു. കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ വിവരം ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറഞ്ഞിട്ടും പലയിടത്തും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയില്ല, പ്രത്യേകിച്ച് ഓള്‍ഡ് സിറ്റിയില്‍. മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് സൈന്യം ഭരണകൂടത്തിന്റെ സഹായം തേടി. അക്രമം നടന്ന പ്രദേശങ്ങളില്‍ സൈന്യം ഫ്‌ലാഗ് മാര്‍ച്ച് നടത്തി.
പുല്‍വാമയിലെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ജമ്മു നഗരത്തില്‍ വെള്ളിയാഴ്ച ബന്ദ് പ്രഖ്യാപിച്ചിരുന്നു. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. കടകളും ചന്തകളുമെല്ലാം അടഞ്ഞുകിടന്നു. ജമ്മു ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ നേതൃത്വത്തിലായിരുന്നു കടകള്‍ അടച്ചിട്ടത്. ട്രാന്‍സ്‌പോര്‍ട്ട് ഓപറേറ്റേഴ്‌സ് അസോസിയേഷനും സമരത്തില്‍ പങ്കെടുത്തു. ജുവല്‍ ചൗക്ക്, പുരാനി മുണ്ടി, ശക്തിനഗര്‍, ജാനിപുര്‍, ഗാന്ധിനഗര്‍, ബക്ഷിനഗര്‍ തുടങ്ങിയയിടങ്ങളിലെല്ലാം പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി. ഗുജ്ജര്‍ നഗറില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. പൊലീസ് അവസരോചിതമായി ഇടപെട്ടതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായില്ല. ചിലയിടത്ത് നിര്‍ത്തിയിട്ട കാറുകള്‍ സമരക്കാര്‍ കത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *