വീരമൃത്യു വരിച്ച സൈനികരുടെ ശവമഞ്ചം തോളിലേറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി

ശ്രീനഗര്‍ : കഴിഞ്ഞ ദിവസം ഭീകരാക്രമണം ഉണ്ടായ കശ്മീരിലെ അവന്തിപ്പുരയില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് രാജ്യത്തിന്റെ അന്തിമോപചാരം അര്‍പ്പിച്ച ചടങ്ങിനു ശേഷം സൈനികരുടെ ശവമഞ്ചം തോളിലേറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്.
കേന്ദ്ര സര്‍ക്കാരിനു വേണ്ടി സൈനികരുടെ ഭൗതികശരീരത്തില്‍ അന്തിമോപചാരമര്‍പ്പിച്ച ശേഷമാണ് കശ്മീര്‍ ഡിജിപി ദില്‍ബഗ് സിങ്ങിനും മറ്റു സിആര്‍പിഎഫ് സൈനികര്‍ക്കുമൊപ്പം ശവമഞ്ചം വഹിക്കാന്‍ രാജ്‌നാഥ് ഒപ്പമെത്തിയത്. രാജ്യത്തിനു വേണ്ടി ധീരന്മാരായ സിആര്‍പിഎഫ് ജവാന്മാരുടെ ജീവത്യാഗം മറക്കില്ലെന്നും ഇതു വെറുതെയാവില്ലെന്നും രാജ്‌നാഥ് പറഞ്ഞു. ഗവര്‍ണര്‍ സത്യ പാല്‍ മാലിക്, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആര്‍.ആര്‍.ഭട്‌നാഗര്‍ തുടങ്ങിയവരും സൈനികര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര അതിര്‍ത്തികളിലും പ്രധാനനഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. വീരമൃത്യുവരിച്ച ജവാന്‍മാരുടെ മൃതദേഹങ്ങള്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിക്കും. വീരമൃത്യുവരിച്ച മലയാളി ജവാന്‍ വസന്തകുമാറിന്റെ ഭൗതികശരീരം ശനിയാഴ്ച നാട്ടിലെത്തിക്കുമെന്നും സേനാ വൃത്തങ്ങള്‍ അറിയിച്ചു.ഗുരുതരമായി പരുക്കേറ്റവരെയും ആധുനിക ചികില്‍സയ്ക്കായി രാജ്യതലസ്ഥാനത്തേയ്ക്ക് കൊണ്ടുവരും. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ്‌വര സൈന്യത്തിന്റെ കനത്ത കാവലിലാണ്. മേഖലയില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ റദ്ദാക്കി.ഭീകരാക്രമണം നടത്താന്‍ ജയ്‌ഷെ മുഹമ്മദിന് പ്രാദേശിക പിന്തുണ ലഭിച്ചെന്നാണ് പ്രഥാമികവിവരം.

Leave a Reply

Your email address will not be published. Required fields are marked *