തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു മുന്‍തൂക്കം; എല്‍ഡിഎഫിന് 16, യുഡിഎഫ് 12

തിരുവനന്തപുരം :സംസ്ഥാനത്തെ 30 വാര്‍ഡുകളിലേക്കു നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു മുന്‍തൂക്കം. എല്‍ഡിഎഫിന് 16 സീറ്റുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫ് 12 സീറ്റുകള്‍ നേടി. എല്‍ഡിഎഫില്‍ നിന്ന് അഞ്ചു സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. നാലു യുഡിഎഫ് സീറ്റുകള്‍ എല്‍ഡിഎഫും പിടിച്ചെടുത്തു. കണ്ണൂരില്‍ 3 വാര്‍ഡുകളിലേക്കു നടത്തിയ ഉപതിരഞ്ഞെടുപ്പില്‍ മൂന്നിലും എല്‍ഡിഎഫ് വിജയം നേടി.
ശബരിമല വിഷയം ആളിക്കത്തിയ റാന്നി പോലെയുള്ള ചിലയിടങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനംകൊണ്ടു തൃപ്തിപ്പെട്ടു. ശ്രദ്ധാകേന്ദ്രമായിരുന്ന ഒഞ്ചിയം പഞ്ചായത്തില്‍ 308 വോട്ടിന് ആര്‍എംപിയുടെ പി.ശ്രീജിത് വിജയിച്ചു. തിരുവനന്തപുരത്തെ കള്ളിക്കാടും ആലപ്പുഴയിലെ കരുവാറ്റയും പിടിച്ച് കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി.
കള്ളിക്കാട് പഞ്ചായത്തിലെ ചാമവിളപ്പുറം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.സദാശിവന്‍ കാണി വിജയിച്ചു. ഭൂരിപക്ഷം–143. സിപിഐയുടെ സിറ്റിങ് സീറ്റാണു പിടിച്ചെടുത്തത്. ഒറ്റശേഖരമംഗലം പഞ്ചായത്തിലെ പ്ലാമ്പഴിഞ്ഞി വാര്‍!ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.പ്രഭ 193 വോട്ട് ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇവിടെ ബിജെപി സ്ഥാനാര്‍ഥി എല്‍.സുജകുമാരി രണ്ടാം സ്ഥാനത്തെത്തി.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പെരുമണ്‍ ഡിവിഷനില്‍ സിപിഎം സീറ്റ് നിലനിര്‍ത്തി. സിപിഎമ്മിലെ ഗീതാ ബാലകൃഷ്ണന്‍ വിജയിച്ചു. ഭൂരിപക്ഷം 1055 വോട്ട്. ഗീതാ ബാലകൃഷ്ണനു 3083 വോട്ടും ബിജെപിയിലെ എ.ഗീതയ്ക്കു 2028 വോട്ടും കോണ്‍ഗ്രസിലെ അശ്വതി അശോകിനു 1473 വോട്ടും കിട്ടി.
നഗരസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ടു സ്വതന്ത്രനായി മത്സരിച്ച ബി.മെഹബൂബിന് 521 വോട്ടിന്റെ ജയം. കോണ്‍ഗ്രസ് നേതൃത്വവുമായി പിണങ്ങി മെഹബൂബ് കൗണ്‍സിലര്‍ സ്ഥാനം രാജി വച്ച ഒഴിവിലാണു തിരഞ്ഞെടുപ്പു നടന്നത്.

കായംകുളം നഗരസഭയില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. സുഷമ അജയന്‍ 446 വോട്ടിനു ജയിച്ചു. സുഷമയുടെ ഭര്‍ത്താവ് അജയന്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പു നടന്നത്. കരുവാറ്റ പഞ്ചായത്തില്‍ എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് സീറ്റ് പിടിച്ചെടുത്തു. എസ്.സുകുമാരിക്കു 108 വോട്ട് ഭൂരിപക്ഷം. കൈനകരി പഞ്ചായത്തില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. ബീന വിനോദ് 105 വോട്ടിനു ജയിച്ചു

Leave a Reply

Your email address will not be published. Required fields are marked *